കോഴിക്കോട്: മെഡിക്കൽകോളേജ് ആശുപത്രിയിൽ ജനറൽമെഡിസിനിലും അത്യാഹിത വിഭാഗത്തിലുമായി നിലത്തുകിടക്കുന്ന രോഗികളെ മാറ്റിപ്പാർപ്പിക്കാൻ ഇടം സജ്ജമാക്കുന്നു. കിടത്തിച്ചികിത്സ വേണ്ടവർക്ക് ജനറൽമെഡിസിനിലെ വാർഡിനു പുറമേ പുതിയ സജ്ജീകരണങ്ങളുള്ള മുറികൾ ആരംഭിക്കാനാണു തീരുമാനം. ആശുപത്രിയിലെത്തന്നെ ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്ന മുറികളിലേക്കാകും ഇവരെ മാറ്റുക. പഴയ മുറികളായതിനാൽ അറ്റകുറ്റപ്പണികൾ നടത്തിയശേഷമാകും പൂർണമായും കിടത്തിച്ചികിത്സ തുടങ്ങുക. പഴയ അത്യാഹിതവിഭാഗത്തിലും അതിനു മുകളിലെ നിലയിലുമാണ് അധികമായി എത്തുന്ന രോഗികളെ കിടത്താനുദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ആദ്യഘട്ടമെന്നോണം പഴയ അത്യാഹിതവിഭാഗത്തിലേക്ക് രോഗികളെ മാറ്റിത്തുടങ്ങി.
പഴയ അത്യാഹിതവിഭാഗത്തിനു മുകളിൽ മൂന്ന് വാർഡുകൾക്കുള്ള സ്ഥലമുണ്ട്. എങ്കിലും, അവിടെ മേൽക്കൂരയിൽ ചോർച്ചയുള്ളതിനാൽ അതിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞാൽമാത്രമേ മാറ്റാനാകൂ. മഴക്കാലമായതിനാൽ ഇനി രോഗികളുടെ എണ്ണം വർധിക്കും. എത്രയുംപെട്ടെന്ന് പണികൾ നടത്തി വാർഡ് സജ്ജമാക്കണമെന്നാണ് രോഗികളുടെ ആവശ്യം. ശരാശരി 40 കിടക്കകൾ ഇടാനുള്ള സൗകര്യമാണ് നിലവിൽ ജനറൽമെഡിസിനിലെ ഒരു വാർഡിലുള്ളത്.
എന്നാൽ, ഇവയ്ക്കുപുറമേ വാർഡിനു മുൻപിലെ ഇട വരാന്തകളിലും കട്ടിലുകൾ ഇട്ടാണ് പനിയും അനുബന്ധരോഗങ്ങളുമായി എത്തുന്നവരെ കിടത്തുന്നത്. രോഗികളുടെ എണ്ണം കൂടുമ്പോൾ ജനറൽമെഡിസിനിൽ മൂന്നുമുതൽ എട്ടുവരെയുള്ള വാർഡുകളുടെ വരാന്തയിൽ നിലത്തു പായവിരിച്ചും ട്രോളികളിലുമായാണ് കിടത്തുന്നത്. 80 കിടക്കകൾ അത്യാഹിത വിഭാഗത്തിലുണ്ട്. വരാന്തകളിലുൾപ്പെടെ ഓരോ വാർഡിലും ഏകദേശം 60 രോഗികൾ ഉണ്ടാകും. ഡോക്ടറിനു സൗകര്യമെന്നോണം അവരുടെ രോഗികൾക്ക് അടുത്തടുത്തുള്ള കിടക്കകളാണ് ഇതുവരെ നൽകിയിരുന്നത്. പുതിയ മുറികൾ കൊണ്ടുവരുന്നതിലൂടെ വിവിധ ഇടങ്ങളിൽ കിടക്കുന്ന രോഗികളുടെ അടുത്തെത്തി പരിചരിക്കേണ്ടത് ഡോക്ടർമാർക്ക് അസൗകര്യമാകുമെന്ന അഭിപ്രായവുമുയരുന്നുണ്ട്. ആശുപത്രി വികസനസമിതിയുടെ യോഗത്തിലാണ് കിടപ്പു രോഗികൾക്ക് പുതിയ കിടക്കകൾ സജ്ജീകരിക്കുന്നതിൽ പരിഹാരമാക്കുമെന്ന തീരുമാനം കൈക്കൊണ്ടത്. രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. മുരളീധരന്റെ നിർദേശത്തിനുശേഷവും മെഡിക്കൽകോളേജ് ആശുപത്രിയിൽ രോഗികളെ നിലത്തുകിടത്തിയിരുന്നു.
