താമരശ്ശേരി: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് നൽകിയ സ്റ്റോപ്പ് മെമ്മോയിൽ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി. കുറ്റം തെളിയിക്കാതെ നടപടിയെടുത്തെന്നാണ് കോടതിയുടെ വിലയിരുത്തൽ. മാലിന്യം പുഴയിലേക്കൊഴുകിയതായി കണ്ടെത്തിയിട്ടില്ല. ഇതിനായി മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പഞ്ചായത്തിന്റെ പരിശോധനയിൽ മാലിന്യം പുഴയിലേക്കൊഴുക്കിയെന്ന് കണ്ടെത്തിയിട്ടില്ല. സ്റ്റോപ്പ് മെമ്മോ നൽകുന്നതിന് മുമ്പ് നോട്ടീസയച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. നടപടി ക്രമങ്ങൾ പാലിക്കാത്തതിനാൽ സ്റ്റോപ്പ് മെമ്മോ റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ജനകീയ സമരസമിതി. ഇന്ന് എംഎൽഎ പി കെ ഫിറോസിന്റെ നേതൃത്വത്തിൽ ഉപരോധസമരം നടത്തും. രാവിലെ 9.30നാണ് ഉപരോധ സമരം നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്റ്റോപ്പ് മെമ്മോയ്ക്ക് ഹൈക്കോടതി സ്റ്റേ നൽകിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റോപ്പ് മെമ്മോയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ സ്ഥാപനം നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. ഫ്രഷ് കട്ടുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.
