വടകരയിലെ അധ്യാപികമാരുടെ ലഹരിക്കേസ്: അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്

news image
Aug 8, 2026, 2:54 am GMT+0000 payyolionline.in

വടകര: വടകര അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാൻ പൊലീസ്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലാവാനുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. തുടക്കത്തിൽ മംഗളൂരു, ബെംഗളൂരു തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും അന്വേഷണം നടത്തുക. ഇവിടങ്ങളിലെ വൻ ലഹരി സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

റിമാൻഡിൽ കഴിയുന്ന കീർത്തനയുടെ ഫോണിൽ നിന്നും അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഴുവൻ പ്രതികളെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് നൽകുന്ന വിവരം. കീർത്തനയുടെ അക്കൗണ്ടിൽ നിന്നും അഞ്ചുമാസത്തിനിടെ 15 ലക്ഷം രൂപയുടെ ഇടപാട് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പൂർണ്ണ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. ജില്ലയുടെ വിവിധ ഇടങ്ങളിൽ പൊലീസും എക്‌സൈസും രജിസ്റ്റർ ചെയ്ത വിവിധ എംഡിഎംഎ കേസുകളിലെ പ്രതികളുമായി ഇവർ ഇടപാട് നടത്തിയതായും ലഹരി ഇടപാട് നടത്തുന്ന ആളുകൾ മൊബൈൽ ഓഫാക്കി ഒളിവിൽ തുടരുകയാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

തനിക്ക് കേസിൽ പങ്കില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ അത് മനസിലാകുമെന്നും കഴിഞ്ഞ ദിവസം കീർത്തന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കീർത്തനയുടെ ഫോൺ കേന്ദ്രീകരിച്ച് നത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. കീർത്തനയുടെ ഫോണിൽ നിന്ന് ലഹരി ഇടപാടുകൾ സംബന്ധിച്ച ചാറ്റുകൾ കണ്ടെത്തിയിരുന്നു. കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേസിൽ കീർത്തനയെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയുടെ പകർപ്പിൽ നിർണായക വിവരങ്ങളാണ് ഉള്ളത്. പ്രതികളുമായി നടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടെന്നും അന്വേഷണസംഘം അപേക്ഷയിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണി വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ കീർത്തന ഉൾപ്പെടെ മൂന്ന് അധ്യാപികമാരും ജിജിൽ, സഫ്‌വാൻ എന്നീ യുവാക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe