സത്യവാങ്മൂലത്തിൽ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി

news image
Aug 8, 2026, 9:47 am GMT+0000 payyolionline.in

കൊച്ചി: സത്യവാങ്മൂലത്തിൽ അഭിഭാഷകന്റെ വ്യാജ ഒപ്പ് കണ്ടെത്തി ഹൈക്കോടതി. അഭിഭാഷകർക്കെതിരായ ഹർജിയിൽ ഒപ്പിട്ടത് ആരാണെന്ന ഹൈക്കോടതി അഭിഭാഷകരുടെ അന്വേഷണമാണ് ഹർജിക്കാരനായ എൻ പ്രകാശിന്റെ തട്ടിപ്പ് പുറത്താക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാർ അഭിഭാഷകർ വാഹനങ്ങളിൽ കേരള ഹൈക്കോടതി എന്ന ബോർഡ് വെക്കുന്നതിനെതിരെയായിരുന്നു ഹർജി. സ്വയം കേസുകൾ വാദിക്കുന്ന സ്ഥിരം ഹർജിക്കാരനായ എൻ പ്രകാശ് ഹർജിയിൽ ചില സാങ്കേതിക പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തന്റെ ഹർജി പിൻവലിക്കാൻ അനുമതി തേടുകയും പിന്നാലെ സർക്കാർ അഭിഭാഷകൻ ഇതിനെ എതിർക്കുകയും ചെയ്തു.

ഹർജിക്കാരൻ കോടതിയെ കബളിപ്പിച്ചിരിക്കുകയാണെന്നും ഹർജിക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ അഭിഭാഷകന്റെ ഒപ്പ് വ്യാജമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പിന്നാലെ കോടതി സത്യവാങ്മൂലം പരിശോധിച്ച് ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഹർജി അപ്‌ലോഡ്‌ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചു എന്നായിരുന്നു ഹർജിക്കാരന്റെ വിശദീകരണം. ഏതൊരു സത്യവാങ്മൂലവും തന്റെ മുന്നിൽ വച്ച് ഒപ്പിടുന്നു എന്നാണ് അഭിഭാഷകൻ സാക്ഷ്യപ്പെടുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. ഹർജി പിൻവലിക്കാൻ അനുവദിക്കാമെന്നും എന്നാൽ ഇതേ ആവശ്യവുമായി വീണ്ടും കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യം നൽകില്ലെന്നും കോടതി വ്യക്തമാക്കി. കൂടുതൽ നടപടികൾക്ക് മുതിരുന്നില്ലെന്നും അഡ്വ എൻ ആനന്ദിന് ഹർജിക്കാരനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി കോടതിയലക്ഷ്യ-പൊതുതാൽപര്യ ഹർജികളാണ് മരട് സ്വദേശി എൻ പ്രകാശ് നൽകിയിരുന്നത്. വഴിതടഞ്ഞുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കൾക്ക് കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വന്നിരുന്നു. ഈ ഹർജികളിലെ ഒപ്പും വ്യാജമാണോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് അഭിഭാഷകർ. ഒപ്പ് വ്യാജമാണെങ്കിൽ ഈ ഹർജികളിലെ നടപടികൾ ചോദ്യം ചെയ്യപ്പെടുകയും ഇതോടൊപ്പം വ്യാജ ഒപ്പിട്ടതിന് ക്രിമിനൽ നടപടികളും നേരിടേണ്ടി വരികയും ചെയ്യും. നേരത്തെ ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തിരുന്നയാളാണ് എൻ പ്രകാശ്. വിവിധ വിഷയങ്ങളിൽ കോടതിയെ സമീപിച്ച് സ്വയം വാദിക്കുന്നതാണ് ഇയാളുടെ രീതി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe