കൊച്ചി: സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകൾ നിരസിച്ച് പൊലീസ് ആസ്ഥാനം. മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്ര വിവാദമായതിന് പിന്നാലെയാണ് നടപടി. ഹെലികോപ്റ്റർ പൊലീസിന്റെ രഹസ്യാത്മക വിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നുമാണ് എറണാകുളത്തെ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല സമർപ്പിച്ച അപേക്ഷയിൽ പൊലീസിന്റെ മറുപടി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുകയും ചോദ്യങ്ങൾക്കെല്ലാം മറുപടി ലഭിക്കുകയും ചെയ്തിരുന്നു. അന്നത്തെ സർക്കാരിന്റെ കാലത്ത് നൽകിയ വിവരങ്ങൾ പുറത്തു വിടാൻ പോലും ഇപ്പോൾ പൊലീസ് തയ്യാറല്ല. ഹെലികോപ്റ്റർ എന്നാണ് വാടകയ്ക്ക് എടുത്തത്, പ്രതിമാസം എത്ര രൂപയാണ് വാടക, വാടകയ്ക്ക് എടുത്ത അന്നുമുതൽ കഴിഞ്ഞമാസം അവസാനം വരെ ആകെ എത്ര രൂപ വാടകയിനത്തിൽ നൽകി, ഏത് കമ്പനിയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയത്, നിലവിലെ കമ്പനിയുമായുള്ള കരാർ എന്നാണ് അവസാനിക്കുന്നത്, അവയവദാനത്തിനായി എത്ര തവണ ഹെലികോപ്റ്റർ പറന്നിട്ടുണ്ട്, വാടക കരാറിന്റെ കോപ്പി ലഭ്യമാക്കുക എന്നിങ്ങനെ 7 ചോദ്യങ്ങളാണ് രാജു വാഴക്കാലയുടെ അപേക്ഷയിൽ ഉണ്ടായിരുന്നത്.
ഈ ചോദ്യങ്ങളിലാണ് പൊലീസ് വിവരങ്ങൾ പുറത്ത് നൽകാത്തത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര സ്വകാര്യ ആവശ്യങ്ങൾക്കാണ് എന്ന വിമർശനം ഉയരുന്നതിനിടെയാണ് പൊലീസിന്റെ നടപടി. വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന് എതിരായ വിമർശനം.
