കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ പേരാവൂർ സ്വദേശി കളപ്പുരയ്ക്കൽ വീട്ടിൽ ജെന്നറ്റ് ജോബി (40) നെയാണ് ടൗൺ പോലീസ് പോക്സോ (POCSO) നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പണം വാഗ്ദാനം ചെയ്ത് കുട്ടിയെ നഗരത്തിലെ ലോഡ്ജിലേക്ക് വിളിപ്പിക്കുകയും കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉടനടി അന്വേഷണം ആരംഭിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ടൗൺ പോലീസ് സബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ്, വിഷ്ണു, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻവീട്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
