തിരുവനന്തപുരം: ടെക്സ്റ്റൈൽ ബിസിനസിൻറെ മറവിൽ എംഡിഎംഎ കടത്തിയ അമ്മയും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. നെയ്യാറ്റിൻകര ആറാലുമൂട് ചന്തയ്ക്ക് മുന്നിൽ വെച്ചാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഈഞ്ചക്കൽ അക്ഷരവീഥിയിൽ കിരൺ (33), അമ്മ ബീന (50), കിരണിൻറെ വനിതാ സുഹൃത്തും തിരുനൽവേലി സ്വദേശിനിയുമായ സന്ധ്യ (18), കിരണിൻറെ സുഹൃത്തും ചാല സ്വദേശിയുമായ അക്ഷയ് (26) എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ മഹീന്ദ്ര സൈലോ കാറിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് 125 ഗ്രാം എംഡിഎംഎ കൊണ്ടുവരുന്നതിനിടെ ഓപ്പറേഷൻ തണ്ടറിൻറെ ഭാഗമായ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സംഘം തിരുവനന്തപുരത്തേക്ക് ലഹരിയുമായെത്തുന്നുണ്ടെന്ന് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ് വി.ആറിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഈഞ്ചയ്ക്കലിൽ ഹോം ഗാർമെൻറ്സ എന്ന പേരിൽ തുണികച്ചവടം നടത്തി അതിനൊപ്പമായിരുന്നു ലഹരി വിൽപ്പന. ബെംഗളുരുവിൽ നിന്നും കുറച്ച് വസ്ത്രങ്ങൾ കൂടെ സംഘം വാങ്ങിക്കും. തുടർന്ന് കുടുംബമാണ് യാത്ര ചെയ്യുന്നത് എന്ന് പരിശോധിക്കുന്നവരെ ധരിപ്പിച്ചാണ് ഇവർ ഇത്തരത്തിൽ എംഡിഎംഎ കടത്തിയിരുന്നത്. കിരണിൻറെ എട്ടുവയസുകാരിയായ മകളും വാഹനത്തിലുണ്ടായിരുന്നു. ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന കിരണിൻറെ മറ്റ് ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി.
വാഹനത്തിലെ മ്യൂസിക് സിസ്റ്റത്തിനുള്ളിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കിരണിൻറെ അമ്മയുടെ ഫോൺ വഴിയാണ് ലഹരി കച്ചവടത്തിൻറെ ഇടപാടുകൾ നടത്തിയതെന്ന് ഫോണുകൾ പരിശോധിച്ചതിലൂടെ എക്സൈസ് കണ്ടെത്തി. നാല് പ്രതികളുടേയും ഫോണുകളും ഇവരിൽ നിന്ന് കണ്ടെത്തിയ 10,500 രൂപയും വാഹനവും തൊണ്ടിയായി പിടിച്ചെടുത്തു. അസിസ്റ്റൻറ് എക്സൈസ് കമ്മിഷണർ ആർ. മനോജ് സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും ഒപ്പം ഇവരുടെ ബന്ധങ്ങൾ കണ്ടെത്താൻ അന്വേഷണം ശക്തമാക്കുമെന്നും അസി.കമ്മീഷണർ അറിയിച്ചു.
