പയ്യോളി: കിഴൂർ പയ്യോളി വില്ലേജ് ഓഫീസിനും എയ്സ് (ACE) മെഡിക്കൽ സെന്ററിനും സമീപം ജനവാസ മേഖലയിൽ നിർദിഷ്ട പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്കെതിരെ നിയമപരമായും ജനകീയമായും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാൻ പ്രദേശവാസികളുടെ യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി ആകർഷ് എസ്. (ചെയർമാൻ), സജീവ്കുമാർ വള്ളിൽ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ 19 അംഗ കർമസമിതി രൂപീകരിച്ചു. വാർഡ് കൗൺസിലർമാരായ ഷൈന പി.കെ., ദേവദാസൻ എം.കെ. എന്നിവരാണ് സമിതിയുടെ രക്ഷാധികാരികൾ.
സെപ്തംബർ 6 ഞായറാഴ്ച വൈകീട്ട് നടന്ന പ്രതിഷേധ യോഗം വാർഡ് കൗൺസിലർ ദേവദാസൻ എം.കെ. ഉദ്ഘാടനം ചെയ്തു. 19-ാം വാർഡ് കൗൺസിലർ ഷൈന പി.കെ. അധ്യക്ഷത വഹിച്ചു.
നിർദിഷ്ട പെട്രോൾ പമ്പിന് തൊട്ടടുത്തായി എട്ടാം ക്ലാസ് വരെ വിദ്യാർത്ഥികൾ പഠിക്കുന്ന മദ്രസയും, 50 മീറ്ററിനുള്ളിൽ ശിശുമന്ദിരവും പ്രവർത്തിക്കുന്നുണ്ട്. പമ്പിൽ നിന്നുള്ള വിഷപ്പുക കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കൂടാതെ, നിർദിഷ്ട സ്ഥലത്തിന് 4 മുതൽ 10 മീറ്റർ വരെ മാത്രം ചുറ്റളവിൽ നിരവധിവീടുകളാണുള്ളത്. കിടപ്പുരോഗികളും ഭിന്നശേഷിക്കാരും വയോധികരും അധിവസിക്കുന്ന മേഖലയാണിത്.
ഒരു മീറ്റർ പോലും ദൂരപരിധിയില്ലാതെയാണ് എയ്സ് മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നത്. രാത്രി വൈകി വരെ കാഷ്വാലിറ്റിയും നെബുലൈസേഷൻ യൂണിറ്റും പ്രവർത്തിക്കുന്ന ആശുപത്രിക്ക് സമീപം പമ്പ് വരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പദ്ധതിയുമായി അധികൃതർ മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.

