സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നതായി കെഎസ്ഇബി

news image
Sep 18, 2026, 12:49 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അറിയിപ്പ്. വൈകിട്ട് 6 15 നും രാത്രി 12 45 നും ഇടയിലായിരിക്കും വൈദ്യുത നിയന്ത്രണം. അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ഫലിക്കാത്തതിനാലാണ് സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉറപ്പായത്. 900 മെഗാ വാട്ടിന്റെ കുറവാണ് നിലവിൽ കെ എസ് ഇ ബി പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് കടമായി 200 മെഗാവാട്ട് വൈദ്യുതി ഇന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പുറത്ത് നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനായതിനാൽ ഇന്നലെ നിയന്ത്രണം ഒഴിവാക്കിയിരുന്നു. ഇപ്പോഴത്തെ വർധിച്ച ഉപയോഗം കണക്കിലെടുത്ത് വേനൽക്കാലത്തേയ്ക്ക് ഉൾപ്പടെ വരും മാസങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ സർക്കാർ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം പ്രതിസന്ധിക്കിടിയിലും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ച് ഉയർന്ന നിലയിലാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപയോഗമാണ് ഇന്നലെയുണ്ടായത്.

വൈകീട്ട് 6.15 നും പുലർച്ചെ 12.45 നും ഇടയിൽ വൈദ്യുതി നിയന്ത്രണ അറിയിപ്പുണ്ടായിരുന്നെങ്കിലും ചുരുക്കം സ്ഥലങ്ങളിലാണ് ഇന്നലെ കറൻറ് കട്ടായത്. അതുകൊണ്ട് തന്നെ വൈദ്യുതി ഉപയോഗ കണക്ക് ഉയർന്നു. 99.93 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. രാത്രി പത്തേകാലിനായിരുന്നു ഏറ്റവും ഉയർന്ന ആവശ്യകത. 5305 മെഗാവാട്ടാണ് ഈ സമയത്ത് മാത്രം ഉപയോഗിക്കപ്പെട്ടത്. ഗ്രിഡ് ഫ്രീക്വൻസി പ്രശ്നമുണ്ടായില്ല. തമിഴ്നാട്ടിലും കർണാടകത്തിലും ഉപയോഗം കുറഞ്ഞു. ഇവിടെ പലയിടുത്തും മഴ പെയ്തു. വിശ്വകർമ ജയന്തി അവധി ഉൾപ്പടെ വന്നതിനാൽ കേരളത്തിന് പുറത്ത് പകലും വൈദ്യുതി ആവശ്യം കുറവായിരുന്നു. ഇതോടെ 800 മെഗാവാട്ട് വരെ അധികം വൈദ്യുതി എടുക്കാൻ കെ എസ് ഇ ബിക്ക് അനുമതി കിട്ടി. ഇതോടെയാണ് പീക്ക് സമയത്ത് നിയന്ത്രണം ഒഴിവായത്. തത്സമയ വിപണയിൽ നിന്നാണ് കൂടുതൽ വൈദ്യുതി വാങ്ങിയത്. 8.83 ദശലക്ഷം യൂണിറ്റ്. നിശ്ചയിച്ചതിനെക്കാളും 5 ദശലക്ഷം യൂണിറ്റ് അധികം വാങ്ങി. 74.33 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് വാങ്ങിയത്. ഇതോടെ ജലവൈദ്യുതി ഉത്പാദനം കഴിഞ്ഞ ദിവസത്തെക്കാളും കുറച്ചു. 23.27 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിച്ചത്. കേന്ദ്രത്തിൻറെ അധിക വിഹിതമായ 150 മെഗാവാട്ട് കൂടാതെ കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ശ്രമം കെ എസ് ഇ ബി തുടരുകയാണ്. നിലവിലെ ചർച്ചകളിൽ അടുത്ത വർഷം മുതലുള്ള കരാറുകൾക്കാണ് ധാരണ ആയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe