ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്നതിനാൽ സെപ്റ്റംബർ 20 ഞായറാഴ്ച രാത്രി ഒൻപതുമണി മുതൽ 26 ശനിയാഴ്ച വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. ശനിയാഴ്ച രാത്രി മുതൽ നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പ്രദേശത്തെ വിവാഹങ്ങളും മറ്റ് ചടങ്ങുകളും കണക്കിലെടുത്താണ് തീരുമാനം ഞായറാഴ്ച രാത്രിയിലേക്ക് മാറ്റിയത്. പൊതുമരാമത്ത് വകുപ്പ്, പൊലീസ്, ജനപ്രതിനിധികൾ, ആക്ഷൻ കമ്മിറ്റി, വ്യാപാരികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
രണ്ടുഘട്ടമായി നടത്താനിരുന്ന ഗർഡർ സ്ഥാപിക്കൽ പ്രവൃത്തി ഒറ്റഘട്ടമായി പൂർത്തിയാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ ചെറുവണ്ണൂർ ബി.സി. റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഗർഡർ സ്ഥാപിച്ച് ആ വഴി വേഗത്തിൽ തുറന്നുകൊടുക്കും. ഇതോടെ ബി.സി. റോഡ് വഴിയുള്ള ഗതാഗതം തടസ്സമില്ലാതെ സാധ്യമാകും.
സിറ്റിയിൽ നിന്നുള്ള ഹ്രസ്വദൂര ബസുകൾക്ക് ചെറുവണ്ണൂർ കരുണ വരെയും, ഫറോക്ക്-കടലുണ്ടി-ചാലിയം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾക്ക് കോയാസ് വരെയും സർവീസ് നടത്തി തിരിച്ചുപോകാം. കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ദീർഘദൂര ബസുകളുടെ ബദൽ സഞ്ചാരപാത ഞായറാഴ്ചയോടെ ട്രാഫിക് പൊലീസ് തീരുമാനിക്കും. പ്രവൃത്തികൾ പൂർത്തിയാക്കാൻ ജനങ്ങളുടെ പരമാവധി സഹകരണവും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
