പാലക്കാട്: അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ പൊന്നക്കൽ മലനിരകളിൽ വൻ കഞ്ചാവ് വേട്ട. ചെങ്കുത്തായ മലനിരകളിൽ നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിലായി വളർത്തിയിരുന്ന 7,300-ലേറെ കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തി നശിപ്പിച്ചു. ഏഴ് മണിക്കൂറിലധികം സാഹസികമായി സഞ്ചരിച്ചാണ് പോലീസ് സംഘം കഞ്ചാവ് കൃഷി കണ്ടെത്തിയ സ്ഥലങ്ങളിലേക്ക് എത്തിയത്.
പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലുള്ള 160 തടങ്ങളിലായി ഒന്നര മാസം പ്രായമുള്ള 1600-ഓളം കഞ്ചാവ് തൈകളും, പൊന്നക്കൽ മലയുടെ കിഴക്കുഭാഗത്തുള്ള 475 തടങ്ങളിൽ നിന്ന് പൂർണ വളർച്ചയെത്തിയ 5700 കഞ്ചാവ് ചെടികളുമാണ് കണ്ടെടുത്തത്. തുള്ളിനന സംവിധാനമടക്കം സജ്ജമാക്കിയാണ് ഇവിടെ കൃഷി നടത്തിയിരുന്നത്. സംഭവത്തിൽ കഞ്ചാവ് നട്ടുവളർത്തിയവരെ കണ്ടെത്താനായി പുതൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
