തൃശൂർ: നാലുപേരെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്ത വീട്ടിൽ രാംവിലാസിനെയാണ് (30) മതിലകം പോലീസ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതി ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ എറണാകുളത്തുനിന്നുമാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
കളരിപറമ്പ് കുന്നത്ത് വീട്ടിൽ സലീഷ് (40), ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ജൂലൈ 24ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുട്ടികൾക്ക് ഡാൻസ് കളിക്കാനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഭാര്യയോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന സലീഷിനെ തടഞ്ഞുനിർത്തി മർദിച്ച രാം വിലാസ്, തുടർന്ന് വീടിന് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ചു.
പിടിച്ചുമാറ്റാൻ ശ്രമിച്ച സലീഷിന്റെ ഭാര്യയെയും രക്ഷിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും പ്രതി ആക്രമിച്ചു. തുടർന്ന് എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ എറണാകുളത്തു നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്. രാംവിലാസ് മതിലകം പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസുകളിലും അഞ്ച് അടിപിടി കേസുകളിലും അടക്കം പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയും മൂന്ന് തവണ കാപ്പ പ്രകാരം നാടുകടത്തിയിട്ടുള്ള പ്രതി കൂടിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. രതീഷ് കുമാർ ആർ, മതിലകം പോലീസ് ഇൻസ്പെക്ടർ വിമൽ, മതിലകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. നസിയ എം. സാഹിബ്, എസ്.ഐ. സഞ്ജയ്, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ ആർ. കൃഷ്ണ, ഷനിൽ, മുഹമ്മദ് സൻസിൽ, സിവിൽ പോലീസ് ഓഫീസർ മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
