കിഴൂരിലെ പെട്രോൾ പമ്പ് : ജനകീയധർണ്ണയിൽ പ്രതിഷേധമിരമ്പി

news image
Sep 27, 2026, 3:25 pm GMT+0000 payyolionline.in

കിഴൂർ : ജനവാസ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപവും  പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ ബഹുജന പ്രതിഷേധാഗ്നിയും ധർണ്ണയും സംഘടിപ്പിച്ചു. പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു ധർണ്ണ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പമ്പ് നിർമ്മാണത്തിനെതിരെ നഗരസഭാ കൗൺസിലിന്റെ ശക്തമായ എതിർപ്പ് കളക്ടറെ അറിയിക്കുമെന്ന് അവർ പറഞ്ഞു.

ഡിവിഷൻ കൗൺസിലർ ഷൈനാ പി.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. സമദ് മുഖ്യപ്രഭാഷണം നടത്തി. പമ്പ് സ്ഥാപിക്കുന്നതിനായി സമർപ്പിച്ച ടോപ്പോ സ്കെച്ചിൽ  കൃത്രിമം കാട്ടിയതായി ജനകീയ സമിതി ആരോപിച്ചു. 29 മീറ്റർ മാത്രം ദൂരമുള്ള മദ്രസയിലേക്ക് 34 മീറ്ററിലധികം ദൂരമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയതും സമീപത്തെ വീടുകളും സ്കൂളുകളും സ്കെച്ചിൽ തെറ്റായി കാണിക്കുകയും ചിലത് ഒഴിവാക്കിയതും എ.ഡി.എമ്മിന് മുന്നിൽ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് സ്ഥലം വീണ്ടും അളക്കാൻ ഉത്തരവായിട്ടുണ്ടെന്ന് സമിതി വ്യക്തമാക്കി.

പള്ളി-മദ്രസ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് കുഞ്ഞഹമ്മദ് സംബന്ധിക്കുകയും കുട്ടികളുടെയും വിശ്വാസികളുടെയും പ്രദേശവാസികളുടെയും ആരോഗ്യ-സുരക്ഷ മുൻനിർത്തി സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളായ എം.കെ. ദേവദാസൻ (കൗൺസിലർ, ഡിവിഷൻ 13), ശ്രീ മഠത്തിൽ നാണുമാസ്റ്റർ (കോൺഗ്രസ്), ടി. ചന്തു മാസ്റ്റർ (സി.പി.ഐ.എം), ഇടക്കണ്ടി കുഞ്ഞബ്ദുള്ള (മുസ്‌ലിം ലീഗ്), മത്സ്യൻ പുനത്തിൽ (ബി.ജെ.പി), രാജ്നാരായണൻ (ആർ.ജെ.ഡി), കെ.ടി. ശ്രീനിവാസൻ (വിവേഷ്യസ്. കിഴൂർ), ശങ്കരൻ മാസ്റ്റർ (പ്രസിഡന്റ്, വ്യാപാരി വ്യവസായി കിഴൂർ), ശ്രീശൻ (കൂട്ടായ്മ കിഴൂർ), പി വി രാമചന്ദ്രൻ മാസ്റ്റർ, വേണു കപ്പന, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ശ്രീ ആകർഷ് എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വള്ളിൽ ജയകൃഷ്ണൻ മാസ്റ്റർ ധർണയിൽ മുദ്രാവാക്യം വിളിക്കുകയും ജനങ്ങൾ അത് ഏറ്റുവിളിച്ച് അവരുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe