ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്ക് അഭിമാന നിമിഷം സമ്മാനിച്ച് 17-കാരി കുംങ്കും അനിൽ മോഹോദ് വ്യക്തിഗത വിഭാഗത്തിലും സ്വർണം എയ്തെടുത്തു. വനിതകളുടെ വ്യക്തിഗത റിക്കർവ് (Recurve) വിഭാഗത്തിൽ ദക്ഷിണ കൊറിയൻ താരം യെജിൻ ഓയെ ശ്വാസമടക്കിപ്പിടിച്ച ഷൂട്ട്-ഓഫിൽ പരാജയപ്പെടുത്തിയാണ് കുംങ്കും ചരിത്രനേട്ടം കുറിച്ചത്. ഈ വിജയത്തോടെ 2028-ൽ നടക്കുന്ന ലോസ് ആഞ്ചലസ് ഒളിംപിക്സിലേക്കുള്ള യോഗ്യതാ ക്വാട്ടയും താരം ഉറപ്പിച്ചു. ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ദക്ഷിണ കൊറിയയുടെ ശക്തമായ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ഇന്ത്യൻ താരത്തിന്റെ ഈ സുവർണ്ണ നേട്ടം.
നിലവിലെ ഏഷ്യൻ ഗെയിംസിൽ കുംങ്കുമിന്റെ രണ്ടാമത്തെ സ്വർണ്ണനേട്ടമാണിത്. വനിതാ റിക്കർവ് ടീം ഇനത്തിൽ അങ്കിത ഭകത്, കീർത്തി ശർമ്മ എന്നിവർക്കൊപ്പം ഇന്ത്യക്ക് സ്വർണ്ണം സമ്മാനിച്ചതിനു തൊട്ടുപിന്നാലെയാണ് വ്യക്തിഗത വിഭാഗത്തിലും താരം പൊന്നണിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച ധീരജ് ബൊമ്മദേവരയ്ക്കൊപ്പം റിക്കർവ് മിക്സഡ് പെയർ വിഭാഗത്തിൽ വെള്ളി മെഡലും താരം കരസ്ഥമാക്കിയിരുന്നു. ഇതോടെ നിലവിലെ ഏഷ്യൻ ഗെയിംസിൽ മാത്രം രണ്ട് സ്വർണവും ഒരു വെള്ളിയുമടക്കം മൂന്ന് മെഡലുകളാണ് കുംങ്കും ഇന്ത്യക്കായി സ്വന്തമാക്കിയത്.
