തിരുവനന്തപുരം: വിഴിഞ്ഞത്ത് രാജ്യാന്തര തുറമുഖ നിർമാണത്തിന്റെ ഭാഗമായി പുതിയ ഫിഷിംഗ് ഹാർബർ നിർമിക്കുന്നതിനുള്ള ഒന്നാംഘട്ട പദ്ധതിക്ക് സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി. പാരിസ്ഥിതിക, തീരദേശ നിയന്ത്രണ മേഖല (CRZ) അനുമതികളുമായി ബന്ധപ്പെട്ട് അധിക ഫിഷിങ് ലാൻഡിങ് സെന്റർ വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഴിഞ്ഞം പദ്ധതി ആരംഭിച്ചതിനെ തുടർന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ടായ ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ ഹാർബറിന് രൂപം നൽകുന്നത്.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ 235 മീറ്റർ നീളമുള്ള പുലിമുട്ടും 500 മീറ്റർ നീളമുള്ള എൽ ആകൃതിയിലുള്ള ബെർത്തും നിർമിക്കും. ഇതിന് പുറമേ ഡ്രെഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഫിഷിംഗ് ഹാർബർ യാഥാർഥ്യമാകുന്നതോടെ മത്സ്യബന്ധന ബോട്ടുകൾക്ക് സുരക്ഷിതമായ ബെർത്തിങ്ങും മത്സ്യം കയറ്റിയിറക്കുന്നതിന് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും ലഭ്യമാകുമെന്നാണ് കരുതുന്നത്.
