പയ്യോളി: ലൈഫ് ഭവന പദ്ധതിയിലെ അപാകതകൾ മൂലം വർഷങ്ങളായി ദുരിതമനുഭവിച്ച പട്ടിക വിഭാഗ കുടുംബങ്ങളുടെ ഭവന സ്വപ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രത്യേക ഭവന നിർമ്മാണ പദ്ധതികൾ നടപ്പാക്കുന്ന യുഡിഎഫ് സർക്കാരിന്റെ നടപടിയെ ഭാരതീയ ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ.കെ ശീതൾ രാജ് അഭിനന്ദിച്ചു.
പട്ടിക വിഭാഗങ്ങളുടെ ഭവന പ്രശ്നം പരിഹരിക്കുന്നതിൽ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക സുരക്ഷയും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയ ദളിത് കോൺഗ്രസ് പയ്യോളി, ഇരിങ്ങൽ മണ്ഡലം കമ്മിറ്റികളുടെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം അഷ്റഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി, ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ.വി കിഷോർ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. ടി രാജൻ, ഹേമലത കെ, ബാബുരാജ് മംഗലശ്ശേരി, യതീഷ് പെരിങ്ങാട്, മരുതൂർ ഇല്ലത്തുതാഴെ ബാബു, സെൽവരാജ് ചൊവ്വവയൽ കുനി, കുഞ്ഞികൃഷ്ണൻ കുളങ്ങരകുനി, മഹേഷ് കുനീമ്മൽ, രാജേഷ് കരിമ്പിൽ, ലിനീഷ് കാവ്യാ കളത്തിൽ, സബിത്ത് സി.ടി, ഗോപാലൻ വടക്കേക്കര എന്നിവർ സംസാരിച്ചു.
പയ്യോളി മണ്ഡലം ദളിത് കോൺഗ്രസ് പ്രസിഡന്റായി പുതുക്കുടി ബാബുവിനെയും ഇരിങ്ങൽ മണ്ഡലം ദളിത് കോൺഗ്രസ് പ്രസിഡന്റായി സജീവൻ കെ.പിയെയും തെരഞ്ഞെടുത്തു.
