ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്ത്; പരാതിക്കാരനായ മൂന്നാം റാങ്കുകാരൻ ഒന്നാമത്

news image
Oct 10, 2026, 3:33 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പി.എസ്.സി. പുറത്തിറക്കി. പഴയ റാങ്ക് ലിസ്റ്റിൽ മൂന്നാം റാങ്കുകാരനും ക്രമക്കേടുകൾക്കെതിരെ പരാതിയുമായി രംഗത്തുവന്നയാളുമായ ശ്യാം കൃഷ്ണന്‍ പുതുക്കിയ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മുൻ ഒന്നാം റാങ്കുകാരനായ അരുൺ ജെ. പ്രതാപ് പുതിയ റാങ്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, ചീഫ് പ്ലാനിങ് കോഓഡിനേഷനിലെ ഒന്നാം റാങ്കുകാരന് മാറ്റമില്ല.

​പുതുക്കിയ പട്ടികപ്രകാരം ശ്യാംകൃഷ്ണന് എഴുത്തുപരീക്ഷയിൽ 59.50 മാർക്കും അഭിമുഖത്തിൽ 19 മാർക്കുമാണ് ലഭിച്ചത്. എന്നാൽ, അരുൺ ജെ. പ്രതാപിന് എഴുത്തുപരീക്ഷയിൽ 46.25 മാർക്കും അഭിമുഖത്തിൽ 18 മാർക്കുമാണ് ലഭിച്ചത്. ഇതോടെ പരീക്ഷാ മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ശ്യാംകൃഷ്ണന്റെ ആരോപണം പൂർണമായും ശരിയാണെന്ന് വ്യക്തമായി. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെഴ്സ്പെക്ടീവ് പ്ലാനിങ്, പ്ലാൻ കോഓഡിനേഷൻ ഡിവിഷനുകളിലെ ചീഫ് തസ്തികകളിലേക്ക് വ്യാഴാഴ്ച അഭിമുഖം നടന്നിരുന്നു. തുടർന്ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലാണ് ഈ നിർണായക മാറ്റമുണ്ടായിരിക്കുന്നത്.

​ഈ തസ്തികകളിലേക്കായി നേരത്തെ നടന്ന പൊതുപരീക്ഷയിൽ 54 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താൻ വിട്ടുപോയിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ പി.എസ്.സി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒന്നാം റാങ്കുകാരനായ അരുൺ ജെ. പ്രതാപിന് നിയമനം നൽകാൻ ശുപാർശ ചെയ്യുകയും ചെയ്യുകയായിരുന്നു. റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്യാം വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പ് വാങ്ങി പരിശോധിച്ചപ്പോഴാണ് 54 ചോദ്യങ്ങളുടെ മൂല്യനിർണയം ഒഴിവാക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. തുടർന്ന് അദ്ദേഹം നിയമപരമായ പരാതിയുമായി മുന്നോട്ടുപോവുകയായിരുന്നു.

​ഈ സംഭവത്തെ തുടർന്ന് പി.എസ്.സിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. ഒടുവിൽ നേരത്തെ പ്രസിദ്ധീകരിച്ച വിവാദ റാങ്ക് പട്ടിക റദ്ദാക്കാനും, വിട്ടുപോയ ചോദ്യങ്ങൾ ഉൾപ്പെടെ എല്ലാ ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസുകൾ പൂർണമായി പുനർമൂല്യനിർണയം നടത്താനും പി.എസ്.സി. നിർബന്ധിതരാവുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe