സ്‌പോർട്‌സ് അസോസിയേഷനുകളിൽ നടക്കുന്നത് വൻ ക്രമക്കേടുകൾ; ഗുരുതര കണ്ടെത്തലുകളുമായി വിജിലൻസ്

news image
Oct 20, 2026, 9:40 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോർട്‌സ് അസോസിയേഷനുകളിൽ വലിയ ക്രമക്കേടുകൾ നടക്കുന്നതായി സർക്കാർ. ടെൻഡർ നടപടികൾ, ക്വട്ടേഷൻ നടപടിക്രമങ്ങൾ ഇവയൊന്നും സ്‌പോർട്‌സ് കൗൺസിലുകളിൽ പാലിക്കപ്പെടുന്നില്ല. ചാമ്പ്യൻഷിപ്പുകളിൽ അർഹതയില്ലാത്ത കായികതാരങ്ങളെ ഉൾപ്പെടുത്തിയും ക്രമക്കേട് നടക്കുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.

സംസ്ഥാനത്തെ സ്‌പോർട്‌സ് അസോസിയേഷൻ ആസ്ഥാനത്തും കൗൺസിൽ ഓഫീസുകളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗിച്ചതിൽ അടക്കം മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. വിവിധ ചാമ്പ്യൻഷിപ്പുകളിൽ അർഹതയില്ലാത്ത കായികതാരങ്ങളെ ഉൾപ്പെടുത്താനും ശ്രമിച്ചു. സ്‌പോർട്‌സ് അസോസിയേഷനുകൾ കടലാസ് സംഘടനകൾ ആയി നിലനിൽക്കുന്നു എന്ന് കായിക മന്ത്രി ഒജെ ജനീഷ് നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇൻഡോർ സ്റ്റേഡിയങ്ങൾ വാടകയ്ക്ക് നൽകുന്നതിലും വീഴ്ച ഉണ്ടായി. പലയാളുകളിൽ നിന്ന് പല തുക ഈടാക്കി സ്റ്റേഡിയം വാടകയ്ക്ക് നൽകിയതായും കണ്ടെത്തി.

ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് വൗച്ചറുകൾ എഴുതിയെടുക്കുന്നതായ വിവരവും പുറത്തുവന്നിരുന്നു. കായികതാരങ്ങളുടെ പേരിൽ വാങ്ങിയ ജേഴ്‌സിയും കൂട്ടുമടക്കമുള്ളതാണ് വിതരണം ചെയ്തിരുന്നില്ല എന്നും വിജിലൻസ് കണ്ടെത്തി. സർക്കാരിന്റെ പുതിയ കായിക നയം പ്രാബല്യത്തിൽ വരുന്നതോടെ അഴിമതി പൂർണമായും തടയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കായിക വകുപ്പ്. സംസ്ഥാന സ്‌കൂൾ കായികമേള അടുത്തിരിക്കുകയാണ് കായിക മേഖലയിലെ അഴിമതി സംബന്ധിച്ച് വിവരങ്ങൾ സർക്കാർ നിയമസഭയെ അറിയിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe