പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസ്; അമ്മയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

news image
Oct 29, 2026, 11:09 am GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ടു കുഞ്ഞുങ്ങളെ വെള്ള ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. പ്രതി നിവേദ്യ താമസിച്ച വാടക വീടിന്റെ അടുത്തുള്ള ആളാണ് പൊലീസിന്റെ പിടിയിലായത്.

സെപ്റ്റംബർ 29 നാണ് അഞ്ച് വയസ്സുകാരി ജെനിഫർ, മൂന്നു വയസ്സുകാരനായ സഹോദരൻ റോബിൻ എന്നിവർ വീടിന് മുന്നിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ വീണ് മരിച്ചത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് പൊലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തുകയും ഇവർ കുറ്റസമ്മതം നടത്തുകയും ചെയ്തത്. കുട്ടികളുടെ പിതാവ് ജോൺ കുമാർ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.

സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് തനിക്ക് ജോലിക്ക് പോകണമെന്നും കുട്ടികൾ അതിന് തടസ്സമാകുന്നുവെന്നുമായിരുന്നു നിവേദ്യ പറഞ്ഞത്. തന്റെ സ്വതന്ത്രമായ ജീവിതത്തിന് മക്കൾ തടസ്സമാണ്. മോഡലിങിന് പോകാനാണ് താത്പര്യമെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം ഇന്നാണ് പൊലീസിന് നിവേദ്യയെ കസ്റ്റഡിയിൽ ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൺസുഹൃത്തിന്റെ പങ്ക് പുറത്തുവന്നിരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe