പ്രശസ്ത സ്‌പോര്‍ട്ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു

news image
Nov 4, 2026, 2:09 am GMT+0000 payyolionline.in

കോഴിക്കോട്: വിവിധ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്രീലാന്‍സ് സ്‌പോര്‍ട്‌സ് ലേഖകനും നോവലിസ്റ്റുമായ മലാപ്പറമ്പ് ലൗ ഡെയ്ലില്‍ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. സംസ്‌കാരം ഇന്ന്  കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും

മലാപ്പറമ്പ് കുളങ്ങരക്കണ്ടി ചന്തുക്കുട്ടിയുടെയും ചിരുതകുട്ടിയുടെയും മകനായാണ് ജനിച്ചത്. മലാപ്പറമ്പ് എല്‍.പി.സ്‌കൂള്‍, ചോലപ്പുറത്ത് യു.പി. സ്‌കൂള്‍, സാമൂതിരി കോളേജ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, വെസ്റ്റ്ഹില്‍ കേരള ഗവ. പോളിടെക്നിക്ക് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസത്തിനുശേഷം പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായി. 1996ലാണ് വിരമിച്ചത്.

1958ല്‍ ആദ്യനോവല്‍ ‘പാനപാത്രത്തിന്റെ കാമുകി’ പ്രസിദ്ധീകരിച്ചു. ഏഴ് തവണ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ (സ്‌പെയിന്‍ 1982, മെക്സിക്കോ 1986, ഇറ്റലി 1990, ഫ്രാന്‍സ് 1998, കൊറിയ-ജപ്പാന്‍ 2002, ജര്‍മ്മനി 2006, സൗത്ത് ആഫ്രിക്ക 2010), ഒരു യൂറോകപ്പ് ചാമ്പ്യന്‍ഷിപ്പും (ആസ്ട്രിയ-സ്വിറ്റ്‌സര്‍ലണ്ട് 2008) മലയാള മനോരമയ്ക്കുവേണ്ടി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

പോളിടെക്‌നിക്കിന്റെയും കോഴിക്കോട് യങ്ങ് ചാലഞ്ചേഴ്‌സ് ക്ലബ്ബിന്റെയും ജില്ലാ ഫുട്‌ബോള്‍ ടീമിന്റയും ഫുട്‌ബോള്‍ ക്യാപ്റ്റനായി ടൂര്‍ണ്ണമെന്റുകള്‍ കളിച്ചു. വിവിധ സ്‌പോര്‍ട്സ് സംഘടനകളുടെയും കലാ-സാംസ്‌കാരിക സംഘടനകളുടെയും ഭാരവാഹിത്വം വഹിച്ചു. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്നു. പ്രേം നസീര്‍ നായകനായ ‘ഫുട്ബോള്‍ ചാമ്പ്യന്‍’ എന്ന സിനിമയില്‍ അഭിനയിച്ചു. 2002 ലെ ലോകകപ്പ് വേദിയില്‍ സോളിലെ (ദക്ഷിണ കൊറിയ) ഏറ്റവും മികച്ച വിദേശ ലേഖകനുള്ള അവാര്‍ഡു നേടി. കേരള ഫുട്‌ബോള്‍ ലവേഴ്സ്  അസ്സോസിയേഷന്റെ ഏറ്റവും മികച്ച ലോകകപ്പ് ലേഖകനുള്ള അവര്‍ഡും ലഭിച്ചു.ജലസേചനവകുപ്പില്‍നിന്നു വിരമിച്ച എന്‍ജിനിയര്‍ പരേതയായ പാറക്കുളങ്ങര പാര്‍വ്വതിയാണ് ഭാര്യ. മക്കള്‍ : സുതീഭ്, പ്രസീത്. മരുമക്കള്‍ : നിമ്മി, റിങ്കു കൊച്ചുമക്കള്‍ : ജാന്‍വി, വിദ്യുത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe