കൊല്ലം: മേമനയിലെ മതപാഠശാല ഡയറക്ടർ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. യുട്യൂബർ കൂടിയായ പ്രതിയുടെ മൊബൈൽ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളാണു ലഭിച്ചത്.
സമൂഹമാധ്യമ അക്കൗണ്ടുകളിൽ 5 ലക്ഷത്തോളം ഫോളോവേഴ്സുള്ള കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസ് (34), രോഗങ്ങളും ബാധയും മാറ്റാം എന്നു പറഞ്ഞാണ് 65 വയസ്സുള്ള മുത്തശ്ശിയോടൊപ്പം എത്തിയ കൊച്ചുമകളെ 2025 ഒക്ടോബർ മുതൽ മതപാഠശാലയിലും വാടക വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. പീഡനശേഷം പെൺകുട്ടിയുമായി മുഹമ്മദ് നിയാസ് നടത്തിയ മൊബൈൽ ഫോൺ സംഭാഷണങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘ഞാൻ ഈ വിഷയം വിട്ടു. മോൾ ആരോടും ഇനി ഒന്നും പറയാൻ നിൽക്കരുത്. മരണംവരെ ഒരാളും അറിയാതിരുന്നാൽ മതി. അന്ന് എന്റെ ആവശ്യമായിരുന്നു. മോൾക്ക് എന്താവശ്യത്തിനും എന്നെ വിളിക്കാം’ എന്നും മറ്റും ഇയാൾ പെൺകുട്ടിയോട് പറയുന്നതിന്റെ ഓഡിയോ തെളിവുകളാണു ലഭിച്ചത്.
മതപാഠശാലയിലെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ കൗൺസലിങ് നടത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികളെ രക്ഷിതാക്കളെത്തി വീടുകളിലേക്കു കൂട്ടിക്കൊണ്ടുപോയതിനെ തുടർന്നു സാധിച്ചില്ല. പീഡനവിവരം അറിഞ്ഞതിനെ തുടർന്ന് ഐസിഡിഎസ് സൂപ്പർവൈസർ, പഞ്ചായത്ത് വാർഡുതല ജാഗ്രതാ സമിതി, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മേമനയിലെ സ്ഥാപനം താൽക്കാലികമായി അടപ്പിച്ചിരുന്നു.
വിവിധ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ മതപാഠശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മതപാഠശാലയുടെ പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങലും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാൽപതോളം വിദ്യാർഥികളാണ് താമസിച്ചു പഠനം നടത്തിയിരുന്നത്. ഇതിൽ 9 പേർ പെൺകുട്ടികളാണ്. വിദ്യാർഥികളുടെ കൗൺസലിങ്ങിലൂടെ കൂടുതൽ വിവരം ലഭിക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു.
