മലപ്പുറം: വിവിധ ജില്ലകളിലായി നൂറിലേറെ മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെ മഞ്ചേരി പൊലീസ് പിടികൂടി. തേഞ്ഞിപ്പലം സ്വദേശി കിഴക്കേക്കോട്ടായി പാലക്കാട്ടു വീട്ടിൽ സൈനുദ്ദീനാണ് (43) അറസ്റ്റിലായത്. മഞ്ചേരി നഗരത്തിൽ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചായിരുന്നു ഇയാൾ മോഷണം നടത്തിവന്നിരുന്നത്. ആളില്ലാത്ത വീടുകൾ മാത്രം കണ്ടെത്തി മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.ഒരു പ്രദേശത്ത് മോഷണം നടത്തിയ ശേഷം മറ്റൊരു ജില്ലയിലേക്ക് കടക്കുകയും അവിടെ ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ പതിവ്.
മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചിരുന്ന പ്രതി, പൊലീസ് അന്വേഷണം ശക്തമാകുമ്പോൾ താമസസ്ഥലം മാറുകയായിരുന്നു. വിവിധ ജില്ലകളിലായി നൂറിലധികം കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു.മഞ്ചേരിയിലെ കരുവമ്പ്രം, നറുകര മേഖലകളിൽ അടുത്തിടെ വ്യാപകമായി മോഷണം നടന്നിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതും സമാന രീതിയിൽ മോഷണം നടത്തിയ സംഭവങ്ങളുടെ വിവരങ്ങൾ ശേഖരിച്ചതും അന്വേഷണത്തിൽ നിർണായകമായി. തുടർന്നുള്ള അന്വേഷണത്തിലാണ് സൈനുദ്ദീനെ തിരിച്ചറിഞ്ഞത്.
മോഷണം നടത്തിയ ശേഷം ജില്ലകൾ മാറി താമസിക്കുന്നതിനാൽ പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണം നടത്തിവരികയായിരുന്നു. ഒടുവിൽ മഞ്ചേരി പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. മോഷണത്തിന് ഉപയോഗിച്ച രീതികളും ഇയാൾക്ക് മറ്റു ജില്ലകളിലുള്ള കേസുകളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്. മഞ്ചേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശിശിര ശശികുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉബൈദുല്ല, സാലിം, ധനേഷ്, ബിജു, മുജീബ് എന്നിവരും സൈബർ വിഭാഗവും അന്വേഷണത്തിൽ പങ്കാളികളായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
