അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജനേയും ടി വി രാജേഷിനേയും വെറുതെ വിട്ടു

news image
Nov 19, 2026, 6:11 am GMT+0000 payyolionline.in

കൊച്ചി: എംഎസ്എഫ് പ്രവർത്തകനായിരുന്ന കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിട്ടു. സംസ്ഥാനരാഷ്ട്രീയത്തെ ഇളക്കിമറിച്ച കേസിൽ എറണാകുളം സിബിഐ കോടതിയുടേതാണ് വിധി. സിപിഐഎം നേതാക്കളും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഉൾപ്പെടെ പതിനെട്ട് പേരെയാണ് കുറ്റവിമുക്തരാക്കിയത്. ഒന്നാംപ്രതി സുമേഷ് ഉൾപ്പെടെ പതിമൂന്ന് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇവർക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിയ്ക്കും. വിധിയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് മുസ്ലിംലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും പ്രതികരിച്ചു.

കേസിൽ വെറുതെ വിട്ടവർ: 2-ാം പ്രതി: ഗണേശൻ, 4-ാം പ്രതി: വിജേഷ്, 5-ാം പ്രതി: കെ. പ്രകാശൻ, 6-ാം പ്രതി: ഉമേശൻ, 8-ാം പ്രതി: ലതീഷ്, 11-ാം പ്രതി: സി.എൻ. മോഹനൻ, 13-ാം പ്രതി: നിതിൻ, 17-ാം പ്രതി: സുധാകരൻ, 18-ാം പ്രതി: നവീൻ, 19-ാം പ്രതി: ശ്യാംജിത്ത്, 21-ാം പ്രതി: ഷാജി, 22-ാം പ്രതി: പ്രകാശൻ മുതുവാനി, 23-ാം പ്രതി: അജയകുമാർ എൻ.പി, 24-ാം പ്രതി: രാജീവൻ പി.എസ്, 29-ാം പ്രതി: ബാബു, 30-ാം പ്രതി: യു.വി. വേണു, 32-ാം പ്രതി: പി. ജയരാജൻ, 33-ാം പ്രതി: ടി.വി. രാജേഷ്. അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട് 14 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ കോടതി വിധി പറഞ്ഞത്.

കണ്ണൂർ പട്ടുവത്തും അരിയിലിലും സി.പി.എം – മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ തുടർച്ചയായ സംഘർഷങ്ങളും അക്രമങ്ങളും നടന്നിരുന്നു. ഇതിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്കും കടകൾക്കും നേരെ ആക്രമണമുണ്ടായി. സംഘർഷത്തിൽ തകർക്കപ്പെട്ട തങ്ങളുടെ പാർട്ടി പ്രവർത്തകരുടെ വീടുകളും കടകളും സന്ദർശിക്കാനായാണ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്യാശേരി എംഎൽഎ ടിവി രാജേഷും ലീഗ് സ്വാധീന മേഖലയായ അരിയിലിലേക്ക് എത്തിയത്.

2022 ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12.15 സമയത്ത് അരിയിലിൽ വച്ച് പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. ലീഗ് – എംഎസ്എഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് വാഹനത്തിന് നേരെ ആക്രമണം നടന്നത്. കല്ലേറിൽ പരിക്കേറ്റ ജയരാജനെയും രാജേഷിനെയും പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ അരിയിൽ ഷുക്കൂർ അടക്കമുള്ള ലീഗ് പ്രവർത്തകരെ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിലെ വയലിൽ സിപിഐഎം പ്രവർത്തകർ ചേർന്ന് തടഞ്ഞുവച്ചു. ഇവരുടെ ചിത്രം എസ്എംഎസ് വഴി അയച്ചുനൽകുകയും അവർ തന്നെയാണ് ആക്രമണം നടത്തിയത് എന്ന് ഉറപ്പിച്ച ശേഷം ഷൂക്കൂർ, സക്കറിയ അയൂബ് എന്നിവരെ സിപിഐഎം പ്രവർത്തകർ ആക്രമിക്കുകയും ചെയ്തു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരനായ അബ്ദുൾ ഷുക്കൂർ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. 2012 മാർച്ച് 22ന് കേസിൽ 18 പേരെ പ്രതികളാക്കി കേരള പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. വൈകാതെ പൊലീസ് അന്വേഷണം വിപുലീകരിക്കുകയും പ്രതികളുടെ എണ്ണം 34 ആയി ഉയർത്തുകയും ചെയ്തു.

2012 ഓഗസ്റ്റ് 1ന് പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. 2012 ഓഗസ്റ്റ് 7ന് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ടി.വി. രാജേഷ് കണ്ണൂർ കോടതിയിൽ കീഴടങ്ങി. 2016 ഏപ്രിൽ 4ന് സിബിഐ കേസ് ഏറ്റെടുക്കുകയും തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. 2019 ഫെബ്രുവരി 11ന് പി. ജയരാജനെ 32-ാം പ്രതിയായും ടി വി രാജേഷിനെ 33-ാം പ്രതിയായും ചേർത്ത് കൊലപാതക – ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe