കോഴിക്കോട്: മാവൂരിലെ രണ്ടു സ്ഥാപനങ്ങളിൽനിന്നു പുഴുവരിച്ച നിലയിൽ 16,794 കോഴിമുട്ടകൾ പിടികൂടി നശിപ്പിച്ചു. സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന പുഴുവരിച്ചതും ഉപയോഗശൂന്യവുമായ 16,794 കോഴിമുട്ടകളാണു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചത്. മാവൂർ കൂളിമാട് റോഡരികിൽ ഗ്രാസിം ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന പുനത്തിൽ എഗ് ഡിസ്ട്രിബ്യൂട്ടർ, പിയു എഗ് ഡിസ്ട്രിബ്യൂട്ടർ എന്നീ മൊത്തവിതരണ കേന്ദ്രങ്ങളിലാണു ജില്ലാ ഭക്ഷ്യസുരക്ഷാ സംഘം പ്രത്യേക പരിശോധന നടത്തിയത്.
പൊട്ടിയതും കേടായതുമായ മുട്ടകൾ സമീപത്തെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. സ്ഥാപനങ്ങളിലെ മൂന്നു കടമുറികളിലും ശീതീകരിച്ച മുറിയിലുമായാണു മുട്ടകൾ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും പൊട്ടിയതും പുഴുവരിച്ചതുമായിരുന്നു. ഭക്ഷ്യ ഉൽപന്നങ്ങളുടെ അസംസ്കൃത വസ്തുവായി ഇവ ഉപയോഗിക്കുന്നതു പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മുട്ടകൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സ്ഥാപനങ്ങളുടെ ചെലവിൽ നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങളിലെയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരിൽ ആർക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. പ്രതിദിനം ഏകദേശം 2.75 ലക്ഷം രൂപയുടെ വിറ്റുവരവുള്ള വിതരണ കേന്ദ്രങ്ങളാണിവ.
അതേസമയം, തമിഴ്നാട്ടിൽനിന്നു കൊണ്ടുവരുന്ന മുട്ടകളിൽ കേടായവ തിരിച്ചയയ്ക്കാൻ മാറ്റിവച്ചതാണെന്നാണു സ്ഥാപന ഉടമകളുടെ വിശദീകരണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമം പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കോഴിക്കോട് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ ഡോ. ജോസഫ് കുര്യാക്കോസ്, തിരുവമ്പാടി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസർ ഡോ. എ.പി.അനു, എലത്തൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസർ സി.എ.വിമൽ, ഓഫിസ് അസിസ്റ്റന്റ് എ.സി.ബിജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
