കൊല്ലം : കട്ടിലിൽ കിടന്നത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ അനുജനെ കുത്തിപ്പരിക്കേൽപ്പിച്ച ജ്യേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ പൊടിയാട്ടുവിള സ്വദേശി ഉദയകുമാറാണ് (50) പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ അനുജൻ സുരേഷ് (38) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ താനൂർകോണത്തെ കുടുംബവീട്ടിലായിരുന്നു സംഭവം.
തന്റെ കട്ടിലിൽ ഉദയകുമാർ കയറിക്കിടന്നത് സുരേഷ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. തർക്കത്തിനിടെ ഉദയകുമാർ റബ്ബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് സുരേഷിന്റെ നെഞ്ചിലും കൈയിലും ആഴത്തിൽ കുത്തുകയായിരുന്നു. സുരേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഞ്ചൽ പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി സുരേഷിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും, പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തുനിന്ന് തന്നെ അഞ്ചൽ പോലീസ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തു. സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2024-ലും സമാനമായ രീതിയിൽ സുരേഷിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഉദയകുമാർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
