അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസിന് പോലും എത്താനാകുന്നില്ല; ദേശീയപാത വികസനത്തിൽ തിക്കോടിയിൽ യാത്രാദുരിതം രൂക്ഷം

news image
Sep 26, 2026, 9:58 am GMT+0000 payyolionline.in

തിക്കോടി: ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ പ്രദേശവാസികൾ വലിയ ആശങ്കയിൽ. അപായ ഘട്ടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ആംബുലൻസും ഫയർഫോഴ്സും ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങൾക്ക് കടന്നുപോകാൻ വഴില്ലാതെ തിക്കോടി ടൗണിന് പടിഞ്ഞാറുള്ള പ്രദേശവാസികൾ ദുരിതത്തിലാകുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് 58-കാരനായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ തിക്കോടി ടൗണിന് പടിഞ്ഞാറുള്ള വീട്ടിലേക്ക് ആംബുലൻസ് വിളിച്ചത്. പയ്യോളി ഭാഗത്തുനിന്ന് ആംബുലൻസ് വേഗത്തിലെത്തിയെങ്കിലും, പാലൂരിൽനിന്ന് ദേശീയപാത മുറിച്ചുകടക്കാൻ സാധിക്കാതെ വലിയ സമയം നഷ്ടമായി. ഡ്രൈവറും നാട്ടുകാരും ഏറെ പരിശ്രമിച്ചെങ്കിലും ഉയരം കുറഞ്ഞ പാലൂരിലെ അണ്ടർപാസ് വഴി ആംബുലൻസിന് കടന്നുപോകാനായില്ല.

നേരത്തെ കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടുവന്ന മൃതദേഹം ചിങ്ങപുരം റോഡിലേക്ക് പ്രവേശിക്കാനാകാതെ രണ്ട് കിലോമീറ്ററോളം ചുറ്റിതിരിഞ്ഞ് പഞ്ചായത്ത് ബസാർ വഴിയാണ് വീട്ടിലെത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു . കോഴിക്കോട് ജില്ലയിൽ ദേശീയപാതയ്ക്ക് പടിഞ്ഞാറുഭാഗത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണിത്. തിക്കോടി, മൂടാടി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ വഴിയിൽ അടിയന്തര സർവീസുകൾ തടസ്സപ്പെടുന്നത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe