അട്ടപ്പാടി മധു വധക്കേസ്: രാജേഷ് എം. മേനോൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

news image
Jun 25, 2022, 4:59 pm IST payyolionline.in

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി രാജേഷ് എം. മേനോനെ നിയമിച്ചു. നിലവിലെ സ്പെഷൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് അസി. സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ്.എം. മേനോനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി. രാജേന്ദ്രന്റെ രാജി. കേസിൽ ഇനിയും കൂടുതൽ സാക്ഷികൾ  കൂറുമാറാൻ സാധ്യതയുണ്ടെന്നും അത് തടയുക വലിയ വെല്ലുവിളിയാണെന്നും  കേസ് നന്നായി മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിക്കുമെന്നും കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിതനായ രാജേഷ്.എം. മേനോൻ പറഞ്ഞു.

വിചാരണയിൽ പ്രോസിക്യൂട്ടറുടെ ഇടപെടൽ ഫലപ്രദമല്ലെന്നും സി. രാജേന്ദ്രനെ മാറ്റി  രാജേഷ് എം. മേനോനെ തൽസ്ഥാനത്ത് നിയമിക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ മാതാവ് മല്ലി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന് അപേക്ഷ നൽകിയിരുന്നു. ഈ ആവശ്യംകൂടി പരിഗണിച്ചാണ്  രാജേഷ് എം. മേനോന്റ നിയമനം. ഫലപ്രദമായ രീതിയിൽ കേസ് വാദിക്കാൻ പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്നും സി. രാജേന്ദ്രനെ നീക്കണമെന്നും ആവശ്യപ്പെട്ട് മണ്ണാർക്കാട് കോടതിയിൽ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും നേരത്തെ ഹർജി സമർപ്പിച്ചിരുന്നുവെങ്കിലും സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാൻ അധികാരമില്ലെന്നു കാട്ടി കോടതി ഹർജി തള്ളിയിരുന്നു. സാക്ഷികളെ കൂറു മാറ്റുന്നതിൽ പ്രതിഭാഗം വിജയിച്ചെന്നും ഇതേ പ്രോസിക്യൂട്ടർ വാദിച്ചാൽ തങ്ങൾ കേസിൽ തോറ്റുപോകുമെന്നും മല്ലി പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe