കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്ട്ടിന് ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്. കേസില്‍ വിധി വന്നതിന് ശേഷമാണ് ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. കേസിന്റെ വിചാരണ കാലയളവില്‍ മാര്ട്ടിന് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വിഡിയോ ചിത്രീകരിച്ചത്. ഇതില്‍ അതിജീവിതയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്.
യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച മാര്ട്ടിന് ആന്റണിയുടെ വെളിപ്പെടുത്തലെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി മാര്ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. ആ സമയത്താണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്. വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം.
ദിലീപിന്റെ ഭാഗം ന്യായീകരിക്കുന്നതാണ് വിഡിയോ. ദിലീപിനെതിരെ നടത്തിയ ഗൂഢാലോചനയെക്കുറിച്ചാണ് ഇതിൽ പറയുന്നത്. പ്രമുഖരടക്കം പലരും വിഡിയോ പ്രചരിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മാര്ട്ടിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരക്കോടതി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷൻ അപ്പീൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും അപ്പീലിൽ ചോദ്യം ചെയ്യുക. അപ്പീലുമായി ഈയാഴ്ച തന്നെ ഹൈകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.
