അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്, ജാമ്യാപേക്ഷ തള്ളി

news image
Dec 1, 2025, 1:12 pm GMT+0000 payyolionline.in

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും. അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായി സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രാഹുൽ ഈശ്വറിന്‍റെ ജാമ്യം തള്ളിയത്.

അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ല. നോട്ടീസ് നൽകിയത് പോലും പിടികൂടി കൊണ്ട് വന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണെന്നും രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു. നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം. രാഹുൽ ഈശ്വർ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷൻ, ജാമ്യ ഹർജിയെ ശക്തമായി എതിർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe