അതിരപ്പിള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്

news image
Nov 18, 2025, 6:38 am GMT+0000 payyolionline.in

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ പിന്നോട്ടെടുത്ത കാർ നിയന്ത്രണംതെറ്റി റോഡിൽനിന്ന് കൊക്കയിലേക്ക് പതിച്ച് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 1.45ഓടെയാണ് അപകടം. ഇവർ യാത്രചെയ്തിരുന്ന ഫോർച്യൂണർ കാർ 40 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന 10 പേർക്കാണ് പരിക്കേറ്റത്. എറണാകുളത്തുനിന്ന് സംഘമായി എത്തിയ ഇവരിൽ മലപ്പുറം സ്വദേശികളും ഇതരസംസ്ഥാനക്കാരും ഉണ്ടായിരുന്നു.

സഫാൻ (ആറ്), ഹാരിഷ് (31), ആൻസിയ (12), ശ്രീരാഗ് (27), ആയിഷ (32), ഷിമ (29), മിനി (19), നേഹ (27), ക്ലാര (35), മുഹമ്മദ് സുൽത്താൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ നേഹയുടെ നില ഗുരുതരമാണ്. ഇവരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അൽപം അകലെ പാർക്കിങ് ഏരിയക്ക് സമീപമാണ് അപകടം. ഡ്രൈവർ റോഡരികിലെ പാർക്കിങ് സ്ഥലത്ത് വണ്ടി പിന്നോട്ടാക്കി പാർക്ക് ചെയ്തിരിക്കുകയായിരുന്നു. വീണ്ടും പുറപ്പെടാൻ വേണ്ടി പിറകോട്ട് എടുക്കുമ്പോഴാണ് അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട് കാർ റോഡിന്റെ വശത്തെ കോൺക്രീറ്റ് സംരക്ഷണക്കുറ്റി തകർത്ത് അതിനപ്പുറത്തെ മരത്തിലിടിച്ച് താഴ്ചയേറിയ കൊക്കയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഉരുണ്ടുപോയ വാഹനം പുഴയോരം വരെ എത്തി. അപകടവിവരം മറ്റുള്ളവർ അൽപസമയത്തിനു ശേഷമാണ് അറിഞ്ഞതെന്നതിനാലും സൗകര്യങ്ങൾ ഇല്ലാത്തതിനാലും രക്ഷാപ്രവർത്തനം വൈകി. ചാലക്കുടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കൊക്കയിൽനിന്ന് അപകടത്തിൽ പരിക്കേറ്റവരെ പ്രദേശത്തുള്ളവരുടെയും വിനോദസഞ്ചാരികളുടെയും നേതൃത്വത്തിൽ മുകളിൽ എത്തിക്കാൻ ഏറെ ക്ലേശിക്കേണ്ടിവന്നു.

ആംബുലൻസ് പരിയാരത്തുനിന്ന് വന്നതിനുശേഷമാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ലക്ഷക്കണക്കിന് സഞ്ചാരികൾ വന്നുപോകുന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ അപകടം പറ്റിയവരെ കൊണ്ടുപോകാൻ സ്ട്രെക്ചർ അടക്കമുള്ള ഉപകരണങ്ങൾ അതിരപ്പിള്ളിയിൽ ലഭ്യമായില്ലെന്ന പരാതിയും ഉണ്ട്. പരിക്കേറ്റവരെ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe