അത്താഴം ഒഴിവാക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

news image
Feb 28, 2025, 7:58 am GMT+0000 payyolionline.in

വണ്ണം കുറയ്ക്കുന്നതിന് അത്താഴം ഒഴിവാക്കുന്ന നിരവധി പേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. യഥാർത്ഥത്തിൽ അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമോ ? അത്താഴം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ചില സന്ദർഭങ്ങളിൽ ഇത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെങ്കിലും ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.

കൂടാതെ, ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ പോകുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്കും  നയിച്ചേക്കാം. കാരണം ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒഴിഞ്ഞ വയറോടെ കിടക്കുന്നത് മൂലം രാവിലെ എഴുന്നേൽക്കുമ്പോൾ പ്രാതലിന് അമിത അളവിൽ ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ചെയ്യും. അതിന്റെ ഫലമായി ശരീരഭാരം കൂടുകയും ചെയ്യാം.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴം പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം ഏറ്റവും കുറഞ്ഞ അളവിൽ പോഷക സമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് ബംഗളൂരുവിലെ ഗ്ലെനെഗിൾസ് ബിജിഎസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് മേധാവി ഡോ. കാർത്തിഗൈ സെൽവി എ. പറഞ്ഞു.

കൂടാതെ, അത്താഴം ഒഴിവാക്കുന്നത് ശരീരം കോർട്ടിസോളിൻ്റെ (സ്ട്രെസ് ഹോർമോൺ) ഉൽപാദനം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും. ഇത് കൂടുതൽ സമ്മർദ്ദത്തിനും അമിത വിശപ്പിനും ഇടയാക്കുമെന്നും ഡോ. കാർത്തിഗൈ പറഞ്ഞു.

അത്താഴം ഒഴിവാക്കുന്നത് ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിച്ചേക്കാം. പക്ഷേ ഇത് നല്ലൊരു ശീലമല്ല. പകലോ രാത്രിയോ  അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കും. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പോഷകാഹാര കുറവുകളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും വിദ​ഗ്ധർ പറയുന്നു.

കൂടാതെ, രാത്രി ആഹാരം പൂർണ്ണമായും ഒഴിവാക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. എപ്പോഴും രാത്രി കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുന്നത് പതിവാക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe