തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആധാർ (UID) അടിസ്ഥാനമാക്കി തസ്തിക നിർണയം നടത്തുന്നതുമായി ബന്ധപ്പെട്ട് അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്ന സാഹചര്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ വിഷയം സംബന്ധിച്ച് വി ജോയി എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാന തീരുമാനങ്ങളും കണക്കുകളും
2025-2026 അധ്യയന വർഷത്തെ തസ്തിക നിർണയത്തിൽ, ആറാം പ്രവൃത്തി ദിനത്തിന് ശേഷം (ജൂലൈ 14 വരെ) യുഐഡി ലഭിച്ച കുട്ടികളെയും പരിഗണിച്ച് ചട്ടങ്ങളിൽ ഇളവ് നൽകി തസ്തിക പുനർനിർണയം നടത്താൻ തത്വത്തിൽ തീരുമാനിച്ചു.
പൊതു ഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വ്യാജ അഡ്മിഷനുകൾ തടയാനാണ് യുഐഡി അടിസ്ഥാനമാക്കിയുള്ള തസ്തിക നിർണയം നിർബന്ധമാക്കിയത്. ഈ ചട്ടഭേദഗതി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചതാണ്.
സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ ആകെ കുട്ടികളിൽ 98.5% പേർക്കും (ഏകദേശം 31.14 ലക്ഷം) നിലവിൽ സാധുവായ ആധാർ (Valid UID) ഉണ്ട്. ആറാം പ്രവൃത്തി ദിനത്തിൽ ‘Invalid’ യുഐഡി ഉണ്ടായിരുന്ന കുട്ടികളുടെ വിവരങ്ങൾ സമന്വയയിൽ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2025 ആഗസ്റ്റ് 20 വരെ ദീർഘിപ്പിച്ചു നൽകിയിരുന്നു.
നിലവിലുള്ള തസ്തിക നിർണയ നടപടികൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകാനായി പൊതു വിദ്യാഭ്യാസ സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, കൈറ്റ് സിഇഒ. എന്നിവരെ ഉൾപ്പെടുത്തി ഒരു ഉന്നതതല സമിതിയെ രൂപീകരിക്കാനും തീരുമാനിച്ചു.
ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി, തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ നിലനിർത്തുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച വിവരങ്ങൾ സെപ്റ്റംബർ 30-നകം സർക്കാരിന് ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
തസ്തിക നിർണയത്തിന് ആറാം പ്രവർത്തി ദിവസത്തിനുശേഷം യുഐഡി ലഭ്യമായ വിദ്യാർഥികളെയും പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.