പരപ്പനങ്ങാടി: പൂർവവിദ്യാർഥിസംഗമത്തിനെത്തി പരിചയം പുതുക്കി അധ്യാപികയിൽനിന്ന് സ്വർണവും പണവും തട്ടിയ യുവാവ് റിമാൻഡിൽ. തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൻ ഫിറോസാണ് (51) അറസ്റ്റിലായത്. തലക്കടത്തൂർ ചെറിയമുണ്ടം സ്കൂളിലെ മുൻ അധ്യാപികയുടെ പരാതിയിലാണ് നടപടി.
1988-90 ൽ ഈ സ്കൂളിൽ വിദ്യാർഥിയായിരുന്ന ഫിറോസ് പൂർവവിദ്യാർഥി സംഗമത്തിലൂടെ അധ്യാപികയുമായി കൂടുതൽ പരിചയത്തിലായി. തുടർന്ന് ഇവരുടെ വീട്ടിലെത്തി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പല തവണയായി ലക്ഷങ്ങൾ കൈക്കലാക്കുകയും ആദ്യഘട്ടങ്ങളിൽ പലിശ നൽകി വിശ്വാസമാർജിക്കുകയും ചെയ്തു. തുടർന്ന് ബിസിനസ് വിപുലീകരണത്തിനെന്ന് പറഞ്ഞ് 21 പവൻ ആഭരണങ്ങളും 30 ലക്ഷത്തോളം രൂപയും വാങ്ങി പ്രതി നാടുവിടുകയായിരുന്നു.
തലക്കടത്തൂരിലെ സ്ഥലം വിൽക്കുകയും മൊബൈൽ ഫോൺ കണക്ഷൻ ഒഴിവാക്കുകയും ചെയ്ത ഇയാൾക്കായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കർണാടകയിലെ ഹസനിലെ ഗ്രാമപ്രദേശത്തുനിന്ന് കണ്ടെത്തിയത്. പ്രതി ആർഭാട ജീവിതം നയിക്കുകയായിരുന്നെന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂർ പറഞ്ഞു. പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. ഇയാളുടെ ഭാര്യയുടെ പേരിലും കേസെടുത്തതായി പൊലീസ് അറിയിച്ചു.