കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. അനസ്തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടർന്ന് രണ്ട് വയസുള്ള കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അനസ്തേഷ്യ നൽകുന്നതിനിടെ കുഞ്ഞ് ബോധരഹിതനായിരുന്നു.
കളിക്കുന്നതിനിടെ വീണായിരുന്നു കുഞ്ഞിന്റെ ചുണ്ടിന് പരിക്കേറ്റത്. തുടർന്ന് കുഞ്ഞിനെ മാതാപിതാക്കൾ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്ന. ചികിത്സയ്ക്കിടെ കുട്ടി വേദനകൊണ്ട് കരഞ്ഞു. ഇതോടെയാണ് അനസ്തേഷ്യ നൽകാൻ തീരുമാനിച്ചത്. അനസ്തേഷ്യ നൽകിയ ഉടൻ കുട്ടി ബോധരഹിതനായി. ഇതോടെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ഇതിന് പിന്നാലെ ആശുപത്രി അധികൃതർക്കെതിരെ കുടുംബം രംഗത്തെത്തുകയായിരുന്നു. കുഞ്ഞിന് വലിയ അളവിൽ അനസ്തേഷ്യ നൽകിയതായാണ് കുടുംബം പറഞ്ഞത്. ആശുപത്രിക്ക് ഗുരുതര പിഴവാണ് സംഭവിച്ചതെന്നും കുടുംബം പറഞ്ഞിരുന്നു.
ചികിത്സാ പിഴവെന്ന കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു. അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതായാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അനസ്തേഷ്യ ഏത് ഡോസിൽ നൽകിയാലും റിസ്കുണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.
