അപകട മരണം: വാഹനം വിട്ടുകിട്ടാൻ ഇനി പാടുപെടും; ഉടമയ്ക്കെതിരെ നടപടി, ഡ്രൈവർക്ക് നിർബന്ധിത പരിശീലനം

news image
Nov 24, 2025, 3:02 pm GMT+0000 payyolionline.in

കോഴിക്കോട്: വാഹനാപകടത്തിൽ മരണം സംഭവിച്ചാൽ ഡ്രൈവർക്കും വാഹന ഉടമയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാഫിക് പൊലീസ്. ഡ്രൈവർ മോട്ടർ വാഹന വകുപ്പിന്റെ എടപ്പാൾ ട്രെയിനിങ് സെന്ററിൽ 5 ദിവസം നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കണം. തുടർന്ന് സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിൽ മാത്രമേ അപകടം വരുത്തിയ വാഹനം ട്രാഫിക് പൊലീസ് വിട്ടു നൽകൂ. ഇതുമായി ബന്ധപ്പെട്ട് എല്ലാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്കും എസ്എച്ച്ഒ മാർക്കും ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ നിന്നു നിർദേശം നൽകി. സ്വകാര്യ ബസ് ഇടിച്ചു മരണം സംഭവിച്ചാൽ നിലവിൽ 2 ദിവസം കൊണ്ട് പൊലീസ് നടപടി പൂർത്തിയാക്കി ബസ് വിട്ടു നൽകാറുണ്ട്. എന്നാൽ ഇനി മുതൽ ഡ്രൈവറുടെ പരിശീലനം കഴിഞ്ഞ ശേഷമേ വാഹനം വിട്ടു നൽകൂ. അതുവരെ വാഹനം പൊലീസ് നടപടിയെടുത്ത് മോട്ടർ വാഹന വിഭാഗത്തിനു കൈമാറും. 5 ദിവസത്തിനു ശേഷം ഡ്രൈവർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ബസ് വിട്ടു നൽകും.

സിറ്റി പൊലീസ് കമ്മിഷണർ പരിധിയിൽ വാഹനാപകട മരണ നിരക്ക് കുറയ്ക്കാനാണ് ട്രാഫിക് പൊലീസിന്റെ നടപടി. കഴിഞ്ഞ മാസം സിറ്റി പരിധിയിൽ 11 പേർ അപകടത്തിൽ മരിച്ചിരുന്നു. ഈ മാസം ഇന്നലെ വരെ മാത്രം  4 പേരാണ് മരിച്ചത്. ഇതിൽ 3 അപകടവും അർധരാത്രിയിലായിരുന്നു, വാഹനങ്ങളുടെ നിയമ ലംഘനവുമായി ബന്ധപ്പെട്ടു പൊലീസും മോട്ടർ വാഹന വിഭാഗവും പിഴ ഈടാക്കുന്നതു സജീവമായി തുടരുന്നുണ്ട്. പിഴ അടയ്ക്കാത്ത വാഹനങ്ങൾക്കെതിരെ കഴിഞ്ഞ ആഴ്ച മുതൽ നടപടി ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ അദാലത്തിൽ 12.27 ലക്ഷം രൂപ പിഴ അടപ്പിച്ചിരുന്നതായി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എൽ.സുരേഷ്ബാബു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe