തിരുവനന്തപുരം : സഹോദരൻ അഫ്സാനെ കൊലപ്പെടുത്തിയശേഷം പ്രതി അഫാൻ മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകൾ വിതറി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്നതുൾപ്പെടെ അന്വേഷിക്കുകയാണെന്ന് പൊലീസ്. സ്വീകരണമുറിയിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അഫാനും അഫ്സാനും തമ്മിൽ 10 വയസ്സ് വ്യത്യാസമുണ്ട്. പിതാവ് വിദേശത്തായതിനാൽ പിതാവിന്റെ കരുതലോടെയാണ് അഫാൻ അനുജനെ സ്നേഹിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. അഫ്സാന്റെ പഠനകാര്യത്തിലും ശ്രദ്ധിച്ചിരുന്നു. അനിയനെ ബൈക്കിൽ ചേർത്തിരുത്തി സ്കൂളിൽ കൊണ്ടുപോകുന്ന കാഴ്ച നാട്ടുകാർ ഓർമിച്ചു. കൊലപാതകത്തിനു മുമ്പും അനുജനെ ഹോട്ടലിൽ കൂട്ടിക്കൊണ്ടുപോയി കുഴിമന്തി വാങ്ങിക്കൊടുത്തിരുന്നു. കുഴിമന്തിയുടെ ബാക്കിയും ശീതളപാനീയവും വീടിന്റെ വരാന്തയിലെ കസേരയിലുണ്ടായിരുന്നു.
23കാരനായ മകന്റെ ക്രൂര ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രി ചികിത്സയിൽ കഴിയുന്ന മാതാവ് ഷെമി ബോധം വീണപ്പോൾ ആദ്യം തിരക്കിയത് ഇളയ മകൻ അഫ്സാനെ. മൂത്ത മകന്റെ കൊടും ക്രൂരതയിൽ അഫ്സാന്റെ ജീവൻ പൊലിഞ്ഞ വിവരം ഇതുവരെയും ആ അമ്മ അറിഞ്ഞിട്ടില്ല. അഫ്സാനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞതായാണ് വിവരം.