തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച് മുപ്പതിലേറേ പേർ ചികിത്സയിൽ. കൂടുതൽ രോഗികളും തെക്കൻ ജില്ലകളിലാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20ൽ അധികം പേർക്ക് രോഗം പിടിപ്പെട്ടു. മിക്ക കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നതും ആശങ്കയാണ്. ഒന്നരമാസത്തിനിടെ 61 പേർക്കാണ് രോഗം പിടിപെട്ടത്. പതിനഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ വർഷം ഇതുവരെ 108 പേർക്കാണ് രോഗബാധ ഉണ്ടായത്. ഈ വര്‍ഷം ആകെ 25 പേര് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. അങ്ങേയറ്റം മരണസാധ്യതയുള്ള രോഗം ചികിത്സിച്ച് ഭേദമാക്കാനാകുന്നു എന്നതാണ് ആരോഗ്യവകുപ്പ് എടുത്ത് കാട്ടുന്ന മെച്ചം.
അപ്പോഴും കേരളത്തിൽ 24 ശതമാനത്തിനടുത്താണ് അമീബിക്ക് മസ്തിഷ്ക ജ്വര മരണനിരക്ക്. രോഗബാധ നിയന്ത്രിക്കാന്‍ സാധിക്കുന്നുമില്ല. മരണത്തിലേക്കെത്തുന്ന കേസുകളിൽ പോലും രോഗ ഉറവിടം കൃത്യമായി കണ്ടെത്താനാകാത്തതാണ് പ്രതിസന്ധി. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്ത് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലം പട്ടാഴിയിൽ മരിച്ച കശുവണ്ടി തൊഴിലാളി സ്ത്രീക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. കടയ്ക്കലിൽ മരിച്ച പുരുഷൻ അമ്പലക്കുളത്തിൽ കുളിച്ചിരുന്നു. വീട്ടിൽ ഉപയോഗിച്ചിരുന്നത് കിണർ വെള്ളവും.രണ്ടിടങ്ങളിലും അമീബ സാന്നിധ്യംകണ്ടെത്തിയിട്ടുണ്ട്. രോഗം പടർന്നത് എവിടെ നിന്നെന്നും എങ്ങനെയെന്നും തിരിച്ചറിയാഞ്ഞായിട്ടില്ല.
പൈപ്പ് വെള്ളം ഉപയോഗിക്കുന്നയാൾക്കും തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയാനായി, ആഗസ്റ്റിൽ തീവ്രശുചീകരണ യജ്ഞം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യണമെന്നും ജലസംഭരണ ടാങ്കുകള്‍ തേച്ചു കഴുകി വൃത്തിയാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുമായി ചേർന്ന് ആരോഗ്യവകുപ്പ് ജനകീയ ക്യാംപെയ്ൻ പ്രഖ്യാപിച്ചിരുന്നു. തീവ്രശുചീകരണ യജ്ഞത്തിന്റെ ഫലപ്രാപ്തി ചോദ്യം ചെയ്യുന്നതാണ് ഉയരുന്ന രോഗകണക്ക്.