അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലി; മാന്നാറിലെ ഉല്പാദന കേന്ദ്രത്തിന് പൂട്ടുവീണു

news image
Feb 10, 2025, 4:02 pm GMT+0000 payyolionline.in

മാന്നാർ: ആലപ്പുഴ ജില്ലയിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ കണ്ടെത്തിയ സംഭവത്തിൽ മാന്നാറിലെ ഉല്പാദന കേന്ദ്രം പൂട്ടി. മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റായി കുട്ടമ്പേരൂർ മുട്ടേൽ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഉല്പാദന കേന്ദ്രമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം പൂട്ടിയത്. കഴിഞ്ഞ 22 ന് ബുധനൂർ പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളിൽ ഒന്നിലാണ് ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തിയത്.

ഫുഡ് സേഫ്റ്റി ഓഫീസർ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി. പരിശോധനയിൽ ഉൽപാദന കേന്ദ്രത്തിന്റെ ഭിത്തികളിൽ കണ്ടെത്തിയ ദ്വാരങ്ങളും വിള്ളലുകളും അടച്ച് പല്ലികളും ചെറുപ്രാണികളും കടക്കാതിരിക്കാൻ മുൻ കരുതലുകൾ എടുക്കുവാനും പേസ്റ്റ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുവാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ചത്ത പല്ലികളെ കണ്ടെത്തിയ ബാച്ച് പായ്ക്കറ്റ് ഉല്പാദിപ്പിച്ച തീയതിയിലെ അമൃതം പൊടികൾ പിൻവലിച്ച് നശിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിർദ്ദേശങ്ങൾ പാലിച്ച ശേഷം വീണ്ടും പരിശോധന നടത്തി മാത്രമേ ഉല്പാദന യൂണിറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകുകയുള്ളൂവെന്ന് ചെങ്ങന്നൂരിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന കായംകുളം ഫുഡ് സേഫ്റ്റി ഓഫീസർ സൗമ്യ എസ് അറിയിച്ചു. മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ അമൃതം ന്യൂട്രീഷൻ പൊടി ഉല്പാദിപ്പിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഉല്പാദന കേന്ദ്രം നിർമ്മിക്കുവാൻ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അതിന്റെ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ വി ആർ ശിവപ്രസാദ് എന്നിവർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe