പയ്യോളി : അഴിയൂർ – വെങ്ങളം റീച്ചിൽ ദേശീയപാത സർവീസ് റോഡിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ പയ്യോളി അയനിക്കാട് കളരിപ്പടിയിൽ ഡ്രൈനേജ് സ്ലാബ് തകർന്നു. ഇതോടെ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നു പോകാൻ ഏറെ പ്രയാസപ്പെടുകയാണ്.കഷ്ടിച്ച് മൂന്ന് മീറ്റർ മാത്രം ആണ് ഇവിടെ സർവീസ് റോഡിന്റെ വീതി. ഇതിന് പുറമേ ഒരു മീറ്ററോളം വീതിയുള്ള ഡ്രെയിനേജ് ആണ് ആഴ്ചകൾക്ക് മുമ്പ് തകർന്നത്.സാധാരണ സ്ലാബ് തകർന്നാൽ ആ സ്ഥലത്ത് തന്നെ സാമഗ്രികൾ എത്തിച്ച് കോൺക്രീറ്റ് ചെയ്യുകയാണ് പതിവ്.എന്നാൽ ഇവിടെ റോഡിന്റെ വീതി കുറഞ്ഞത് കാരണം അതിന് സാധിക്കുന്നില്ല. അതാണ് പുനർനിർമ്മാണം വൈകുന്നത്.
നിലവിൽ ഒരു സ്ലാബാണ് തകർന്നത്. എന്നാൽ ഭാരകൂടുതലുള്ള വാഹനങ്ങൾ കടന്നുപോകുന്നതോടെ കൂടുതൽ സ്ലാബുകൾ തകരാനുള്ള സാധ്യതയുണ്ട്.കഴിഞ്ഞദിവസം ഇവിടെ പാറപ്പൊടി നിറച്ച് കാണാത്ത വിധത്തിൽ ആക്കിയെങ്കിലും പാറപ്പൊടി നീങ്ങി പോയതിനാൽ ഡ്രൈനേജ് തകർന്നത് ഇപ്പോൾ പുറത്തു കാണാവുന്ന വിധത്തിലാണ്.സർവീസ് റോഡിന്റെ വീതി കുറവിന് കാരണം നിർമ്മാണത്തിലെ അപാകതയാണ് കാരണമെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. റോഡിന്റെ പടിഞ്ഞാറുവശത്ത് സർവീസ് റോഡിന് ആവശ്യത്തിലേറെ വീതിയുണ്ട്. ഇവിടെ റോഡിന് കിഴക്കുഭാഗത്ത് വീതി കുറഞ്ഞ സ്ഥലത്ത് കൂടുതൽ സ്ഥലം ഏറ്റെടുക്കും എന്നും വീതി വർദ്ധിപ്പിക്കും എന്നും മുൻപ് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് നടപടികൾ ഇതുവരെ ഒന്നും ആയിട്ടില്ല.ഇതിനിടയിലുള്ള ആറുവരി പാതയിലൂടെ ഏറെ നാൾ ഗതാഗതം കടത്തി വിട്ടെങ്കിലും വടകര ഭാഗത്തേക്കുള്ള ഗാർഡറുകൾ നിർമ്മിക്കുന്നത് ഇവിടെ ആയതിനാൽ ഇപ്പോൾ ഗതാഗതം സാധ്യമല്ലാതായിരിക്കുകയാണ്.
വലിയ ലോറികൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ ഏറെ സമയം എടുക്കുന്നതിനാൽ പലപ്പോഴും ഇവിടെ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. തിരക്കേറിയ സമയങ്ങളിലും അവധി ദിവസങ്ങളിലും വാഹനങ്ങളുടെ നീണ്ട ക്യൂ രൂപപ്പെടുന്നുണ്ട്.ഡ്രൈനേജ് സ്ലാബുകൾ മറ്റിടങ്ങളിൽ നിന്നും നിർമ്മിച്ച് ഇവിടെ സ്ഥാപിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.