കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യം എണ്ണിയ അയർക്കുന്നം പഞ്ചായത്തിൽ ചാണ്ടി ഉമ്മന് വൻ ലീഡ്. 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയ 1293 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം.
ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 5209 ആയി ഉയർന്നു. ഒരു ഘട്ടത്തിലും എതിർ സ്ഥാനാർഥി ജെയ്ക് സി. തോമസിന് ഒരു സാധ്യത പോലും നൽകാതെയുള്ള തുടർച്ചയായ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്റേത്.
11 മണിയോടെ പൂർണ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 72.86 ശതമാനം പോളിങ് നടന്ന മണ്ഡലത്തിൽ 1,28,535 പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. 2021ൽ 74.84 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്.