കോഴിക്കോട്: നഗര മധ്യത്തിൽ ബൈക്കിലിടിച്ച് ബസ് മറിഞ്ഞുണ്ടായിരുന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബൈക് യാത്രികൻ മുഹമ്മദ് സാനിഫാണ് (27) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ കോഴിക്കോട്-മാവൂർ റൂട്ടിൽ അരയിടത്തുപാലത്താണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ 56 പേരെ നഗരത്തിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിറയെ യാത്രക്കാരുമായി മാവൂരിലേക്ക് പോയ കെ.എൽ -12 സി -6676 നമ്പർ ‘വെർടെക്സ്’ ബസ് മർകസ് പള്ളിയുടെ ഭാഗത്തുനിന്ന് മറ്റൊരു ബസിൽ ഉരസിയിരുന്നു.
തുടർന്ന് അമിത വേഗത്തിൽ പോകവെ അരയിടത്തുപാലം മേൽപാലത്തിന് മുകളിൽനിന്ന് എതിരെവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ മടികടക്കവെയാണ് ബൈക്ക് ബസിന് മുന്നിലെത്തിയതും കൂട്ടിയിടിച്ചതും. ഇടിച്ചപാടെ ബൈക്ക് യാത്രികൻ തെറിച്ച് കാറിന് മുൻവശത്തേക്ക് വീഴുകയും ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങുകയും പിന്നാലെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.
ഒരുവശത്തേക്ക് മറിഞ്ഞ ബസ് റോഡിലൂടെ ഏറെ മുന്നോട്ട് നിരങ്ങിനീങ്ങിയാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിരങ്ങിപ്പോയ ബസ് മേൽപാലത്തിനോട് ചേർന്നുള്ള ട്രാഫിക് സിഗ്നൽ തൂൺ തകർത്തു. താഴെഭാഗത്തെ റോഡിലൂടെ അരയിടത്തുപാലം ജങ്ഷനിലേക്ക് ചെറു വാഹനങ്ങൾ കടന്നുവരുമ്പോഴാണ് തൂൺ നിലംപൊത്തിയത്. ഭാഗ്യവശാലാണ് തൂൺ വാഹനങ്ങൾക്ക് മുകളിൽ പതിക്കാതിരുന്നത്.
സമീപമുള്ളവരും ഓടിയെത്തിയവരും പൊലീസുകാരും ചേർന്നാണ് ബസിനുള്ളിൽനിന്ന് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽ ബസും ബൈക്കും പൂർണമായും തകർന്നു. വിരലിലെണ്ണാവുന്ന യാത്രികരൊഴികെ ബസിലെ ജീവനക്കാരടക്കം എല്ലാവർക്കും പരിക്കുണ്ട്.