അല്ലു അർജുന് കേന്ദ്രസർക്കാർ പിന്തുണ; ​’നടന് മേൽ കുറ്റം ചാർത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി’

news image
Dec 14, 2024, 3:30 am GMT+0000 payyolionline.in

ന്യൂഡൽഹി: അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാനയിലെ കോൺഗ്രസ് സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. കോൺഗ്രസിന് വിനോദ വ്യവസായത്തെ ഒരു ബഹുമാനവുമില്ലെന്ന് വൈഷ്ണവ് കുറ്റപ്പെടുത്തി.

സന്ധ്യ തിയറ്ററിലുണ്ടായ സംഭവം സർക്കാറിന്റെ ഒരുക്കങ്ങളുടെ പോരായ്മയുടെ ഫലമായി സംഭവിച്ചതാണ്. ഇപ്പോൾ അല്ലു അർജുന് മേൽ കുറ്റച്ചാർത്തുന്നതിന് പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ദുരന്തത്തിനിരയായവർക്ക് സംസ്ഥാന സർക്കാർ സഹായം നൽകണം. തിയറ്ററിൽ ഒരുക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടവർക്കെതിരെ നടപടിയെടുക്കണം. ചലച്ചിത്ര താരങ്ങളെ ആക്രമിക്കുന്നതിന് പകരം കോൺഗ്രസ് ഇതാണ് ചെയ്യേണ്ടിയിരുന്നതെന്നും വൈഷ്ണവ് പറഞ്ഞു.

പുഷ്പ 2’ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ റിമാൻഡ് ചെയ്യപ്പെട്ട നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. തുടർന്ന് അല്ലു അർജുൻ ജയിൽ മോചിതനാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്‍റെ ഹരജി ഹൈകോടതി‍യുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്യാനെത്തിയതിനാൽ പൊലീസിനോട് നടൻ കയർത്തിരുന്നു. നടന്‍റെ ബോഡി ഗാർഡ് സന്തോഷും അറസ്റ്റിലായി. പൊലീസ് സ്റ്റേഷനിലെത്തിച്ച് നടന്‍റെ വിശദ മൊഴി രേഖപ്പെടുത്തി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യപരിശോധന നടത്തി.

ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പ്രീമിയർ ഷോക്ക് രാത്രി 11ന് എത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി. നടന്‍റെ സുരക്ഷാ സംഘം ആൾകൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ സംഘർഷമായി. ഇതോടെ പൊലീസ് ലാത്തി വീശി. തിരക്കിനിടെ വീണ് ദിൽഷുക്നഗർ സ്വദേശിനി രേവതി (35) മരിക്കുകയായിരുന്നു. ഭർത്താവ് ഭാസ്കറിനും രണ്ടു മക്കൾക്കുമൊപ്പമാണ് രേവതി തിയറ്ററിലെത്തിയിരുന്നത്. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് നടൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രേവതിയുടെ ഭർത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിൽ പിറ്റേന്ന് തന്നെ പരാതി നൽകി. കേസെടുത്ത പൊലീസ് എട്ടിന് തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തു.

നടനെതിരെ മനഃപൂർവമുള്ള നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അല്ലു അർജുനു പുറമെ അദ്ദേഹത്തിന്‍റെ സുരക്ഷാ സംഘം, തീയേറ്റർ മാനേജ്മെന്‍റ് എന്നിവർക്കെതിരെയും ഇതേ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe