തിരുവനന്തപുരം: മുൻതാരം എസ് ശ്രീശാന്തിനെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ). ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജു സാംസണെ പിന്തുണച്ചതിനല്ലെന്നും കെസിഎ വ്യക്തമാക്കി. എന്നാൽ, കേരള താരങ്ങളെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് പറഞ്ഞു.ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്ന എസ് ശ്രീശാന്തിന്റെ വിമർശനത്തിന് പിന്നാലെയാണ് കെസിഎ മുൻതാരത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെയാണ് സഞ്ജുവിനെ പിന്തുണച്ചതുകൊണ്ടല്ല ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് കെസിഎ വ്യക്തമാക്കിയത്.
അസോസിയേഷനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നൽകിയതെന്നും കെസിഎ വിശദീകരണം. ഇതോടൊപ്പം ശ്രീശാന്തിനെതിരെ കടന്നാക്രമിക്കാനും കെസിഎ മറന്നില്ല. ഏറെ വിവാദമായ വാതുവയ്പ് കേസിൽ ശ്രീശാന്ത് കുറ്റ വിമുക്തനായിട്ടില്ല. എന്നിട്ടും രഞ്ജി ട്രോഫിയിൽ കളിക്കാൻ അവസരം നൽകി. ശ്രീശാന്തിന് കേരള ക്രിക്കറ്റിനെക്കുറിച്ച് അറിയില്ല. സഞ്ജുവിന് ശേഷം കേരളത്തിൽ നിന്ന് ആര് ഇന്ത്യൻ ടീമിലെത്തി എന്ന ചോദ്യം അപഹാസ്യമാണ്. കെസിഎയിലെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറെടുക്കേണ്ട. കെസിഎയ്ക്കെതിരെ അപകീർത്തികരമായി ആര് പറഞ്ഞാലും മുഖംനോക്കാതെ നടപടിയെന്നും കെസിഎ.