അർജുന്റെ ഭാര്യയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി, ബാങ്ക് അധികൃത‍ര്‍ നേരിട്ട് വീട്ടിലെത്തി അറിയിച്ചു

news image
Aug 7, 2024, 9:46 am GMT+0000 payyolionline.in

കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി. ബാങ്ക് അധികൃതർ കുടുംബത്തെ കണ്ട് നിയമന വിവരം അറിയിച്ചു.

അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം മറുപടി നൽകി. കോടതി നിർദേശത്തെ തുടർന്ന് തിരച്ചിൽ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സർക്കാർ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കായി കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി രേഖാമൂലം നൽകിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കാരണം നി‍‍ര്‍ത്തിവെച്ച തിരച്ചിൽ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

അര്‍ജുനായി ഗംഗാവലി പുഴയിലെ തിരച്ചില്‍ കര്‍ണാടക ഔദ്യോഗികമായി അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി.  തിരച്ചില്‍ പുനരാരംഭിക്കാന്‍ കര്‍ണാടക ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. കരഞ്ഞും പ്രാര്‍ത്ഥിച്ചും കഴിയുന്ന വീട്ടുകാര്‍ക്ക്  ആശ്വാസമേകുന്നതായിരുന്നു കര്‍ണാടക ഹൈക്കോടതി നിര്‍ദേശം. തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നും മോശം കാലാവസ്ഥയെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചുവെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ദൗത്യം തുടരാനായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദേശം. കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനമെങ്കിലും എപ്പോള്‍ തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.

 

അതിനിടെ ഇന്നലെ കുംട കടലിൽ ഒരു മൃതദേഹം കണ്ടെന്ന മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹം അര്‍ജുന്റേത് ആകാമെന്ന് സംശയിച്ചിരുന്നെങ്കിലും സമീപ പ്രദേശത്ത് നിന്നും മൂന്ന് ദിവസം മുൻപ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe