അർജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു; ഐഎസ്ആർഒയുടെ ഉപഗ്രഹ ചിത്രം ലഭ്യമാക്കും, രക്ഷാദൗത്യത്തിന് കരസേനയും

news image
Jul 21, 2024, 3:39 am GMT+0000 payyolionline.in

ഷിരൂർ:ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഷിരൂരിലെ അപകട സ്ഥലത്തുനിന്നു കൂടുതൽ മണ്ണ് മാറ്റിയുള്ള തിരിച്ചിലിന് കനത്ത മഴ വെല്ലുവിളിയാണ്. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച ഭാഗത്തായിരിക്കും ഇന്ന് രക്ഷാപ്രവർത്തനം നടത്തുക. അപകടം നടന്ന സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. കെ.സി വേണുഗോപാൽ എംപി, ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമായാൽ കൂടുതൽ കൃത്യതയോടെ രക്ഷാപ്രവർത്തകർക്ക് ലോറിയുള്ള ഭാഗം കണ്ടെത്താൻ സാധിക്കും.

രക്ഷാപ്രവർത്തനത്തിനായി സൈന്യം ഇന്നിറങ്ങും. ബെൽഗാമിൽ നിന്നുള്ള 60 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനായി രാവിലെ മേഖലയിൽ എത്തിച്ചേരുക. മണ്ണിടിച്ചിൽ നടന്ന മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള സൈനികരാണ് എത്തുന്നത്. രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണെന്നാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ പറയുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉച്ചയോടെ അപകടസ്ഥലത്തേക്ക് എത്തും.

ഇന്നലെ ഗ്രൗണ്ട് പെനിട്രേറ്റിങ് റ‍ഡാർ ഉപയോഗിച്ച് രണ്ട് തവണയാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ നാല് ഇടങ്ങളിലാണ് ലോഹഭാഗങ്ങൾ കണ്ടെത്തിയത്. ഇതിൽ കൂടുതൽ സിഗ്നൽ കിട്ടിയ ഭാഗത്തായിരിക്കും ഇന്ന് പരിശോധന നടത്തുക. നിലവിൽ ഇന്ത്യൻ നാവിക സേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകൾ, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരാണ് പരിശോധന നടത്തുന്നത്.  മീറ്ററുകളോളം ഉയരത്തിലാണ് നിലവിൽ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് ഇനിയും മണ്ണ് ഇടിഞ്ഞു വീണേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇടിഞ്ഞു വീണ് മണ്ണിന്റെ പകുതി പോലും ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ലെന്നാണ് കർണാടക സർക്കാർ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe