പാലക്കാട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഹെല്പ് ലൈന്‍ നമ്പറായ 1930ല്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും അപരിചിതരില്‍നിന്ന് വരുന്ന ഫോണ്‍ കോളുകള്‍ അവഗണിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ആഗോള സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തോടനുബന്ധിച്ച് ജില്ല ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ കലക്ടറേറ്റില്‍ നടത്തിയ ബോധവത്കരണ ക്ലാസില്‍ സൂചിപ്പിച്ചു. ഇന്റര്‍നെറ്റിലൂടെ വ്യക്തിയുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന ഫിഷിങ്, സ്മിഷിങ്, വിഷിങ് രീതികളെക്കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു. വിവിധ പൗര കേന്ദ്രീകൃത സേവനങ്ങള്‍ നല്കുന്ന സഞ്ചാര്‍ സാഥി വെബ് പോര്‍ട്ടല്‍ പരിചയപ്പെടുത്തി.
സൈബര്‍ ഹൈജീനെക്കുറിച്ചും സൈബര്‍ ആക്രമണങ്ങളെകുറിച്ചും ഓരോരുത്തരും ബോധവാന്മാരായിരിക്കണമെന്ന് ജില്ല കലക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു. ‘ഒരുമിച്ച് ചേര്‍ന്ന് മികച്ച ഇന്റര്‍നെറ്റ്’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ സുരക്ഷിത ഇന്റര്‍നെറ്റ് ദിനം ആചരിക്കുന്നത്. ജില്ല ഇന്‍ഫോര്‍മാറ്റിക് അസോസിയേറ്റ് എസ്. ശ്രുതി, സൈബര്‍ സെല്‍ ഓഫിസര്‍ വിനീത് എന്നിവര്‍ സൈബര്‍ ആക്രമണങ്ങളെകുറിച്ച് ബോധവത്കരണ ക്ലാസുകള്‍ നല്കി. ജില്ലയില്‍ രണ്ട് കോടി 17 ലക്ഷം രൂപ വരെ ഡിജിറ്റല്‍ തട്ടിപ്പു വഴി തട്ടിയെടുത്തിട്ടുണ്ടെന്നും, 2024ല്‍ കേരളത്തില്‍ 767 കോടി രൂപയുടെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നും സൈബര്‍ സെല്‍ ഓഫിസര്‍ വീനിത് പറഞ്ഞു. ഡയറക്ടര്‍ (ഐ.ടി) ആന്‍ഡ് ജില്ല ഇന്‍ഫോര്‍മേറ്റിക്സ് ഓഫിസര്‍ പി. സുരേഷ് കുമാര്‍ സൈബര്‍ സെക്യൂരിറ്റിയെ കുറിച്ച് വിഷയാവതരണം നടത്തി. ഐ.ടി മിഷന് ജില്ല പ്രോജക്റ്റ് മാനേജര്‍ മഹത്ത്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.