ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ മിനിറ്റുകളില്‍ മൂന്നിരട്ടി സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. ആദ്യ ഫല സൂചന അനുസരിച്ച് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും നിലവിലെ ദില്ലി മുഖ്യമന്ത്രി അതിഷി സിസോദിയയും ആം ആദ്മി നേതാവ് മനീഷ് സിസോദിയും പിന്നിലാണ്. അതേസമയം, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. 8.30 വരെ ഉള്ള ഫല സൂചന അനുസരിച്ച് ബിജെപി 33, ആം ആദ്മി 18, കോണ്‍ഗ്രസ് 2 എന്നിങ്ങനെയാണ് ലീഡ് നില. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.
ദില്ലി ബിജെപി തൂത്തുവാരുമെന്നായിരുന്നു കൂടുതൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ. ആക്സിസ് മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ തുടങ്ങിയ ഏജൻസികൾ ബിജെപി അമ്പതിലധികം സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചിച്ചത്. എന്നാൽ പ്രവചനങ്ങൾ തള്ളുകയാണ് ആംആദ്മി പാർട്ടി.