കൊച്ചി ∙ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ഫെറി അടുത്ത മാസം കൊച്ചിയിൽ നിന്ന് വാരാണസിയിലേക്ക് എത്തിക്കും. കൊച്ചി കപ്പൽശാലയുടെ നേതൃത്വത്തിൽ കൂടുതൽ പരീക്ഷണയാത്രകൾ നടത്തിയ ശേഷമായിരിക്കും വാരാണസിയിലേക്ക് കൊണ്ടുപോവുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യാനം തൂത്തുക്കുടിയിൽ വെർച്വൽ ആയി ഫ്ലാഗ് ഓഫ് ചെയ്തത്. കൊച്ചി കപ്പൽശാലയിൽ നിർമിച്ച യാനം വാരാണസിക്കുള്ള തമിഴ്നാടിന്റെ സമ്മാനമാണെന്ന് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ പ്രധാനമന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ ഏതാനും രാജ്യങ്ങൾ മാത്രം സ്വായത്തമാക്കിയ ഒന്നാണ് കൊച്ചി കപ്പൽശാല ഹൈഡ്രജൻ ഇന്ധന യാനത്തിലൂടെ പ്രാവർത്തികമാക്കിയിട്ടുള്ളത്. ‘‘ഇത്തരമൊന്ന് ഇന്ത്യയിൽ വികസിപ്പിക്കാൻ പറ്റില്ല, പുറത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരും എന്നു കരുതിയിരുന്നവർക്കുള്ള ഉത്തരമാണ് കൊച്ചിയില്‍ നിർമിച്ച ബോട്ട്. 99.996% ശുദ്ധമായ ഹൈഡ്രജനാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ വാണിജ്യപരമായി ലാഭകരമല്ല ഹൈഡ്രജൻ. എന്നാൽ ഏതാനും വർഷത്തിനുള്ളിൽ ഹൈഡ്രജൻ ബദൽ ഊർജസ്രോതസ്സായി മാറും. അതുകൊണ്ടു തന്നെ തുടക്കക്കാരെന്ന നിലയിൽ ഇന്ത്യക്ക് മേൽക്കോയ്മ ലഭിക്കും’’, ഫെറി ഫ്ലാഗ് ഓഫിനു ശേഷം കൊച്ചി കപ്പൽശാല ചെയർമാൻ മധു എസ്.നായർ വ്യക്തമാക്കി.
ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥലമാണ് വാരാണസി എന്നും അതിനാലാണ് അവിടേക്ക് യാനം കൊണ്ടുപോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. 50 പേർക്ക് യാത്ര ചെയ്യാവുന്ന, എസി സംവിധാനമുള്ളതാണ് ഈ യാനം. 14 കോടി രൂപയാണ് ചെലവ്. രണ്ടുവര്‍ഷത്തെ സമയമാണ് നിര്‍മാണത്തിനു വേണ്ടി വന്നത്. എന്നാൽ ഇതിന്റെ സോഫ്റ്റ്വെയർ അടക്കമുള്ള സാങ്കേതിക വിദ്യകൾ കെപിഐറ്റി ടെക്നോളജീസ് എന്ന സ്ഥാപനമാണ് വികസിപ്പിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ സിഐഎസ്ആറിന്റെ സഹകരണത്തോടെയായിരുന്നു ഇത്.
5 യാനങ്ങളെങ്കിലും വന്നാൽ മാത്രമേ സർവീസായി നടത്താനാകൂ. അധികം വൈകാതെ മൂന്ന് സമുദ്രതീര പട്ടണങ്ങളെ ഇത്തരത്തിൽ പരിസ്ഥിതി സൗഹാർദ യാനങ്ങൾ ഉപയോഗിക്കുന്നവയാക്കി മാറ്റാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. കൊച്ചി, കൊല്ലം, ഗുവാഹത്തി, ഗോവ തുടങ്ങിയ നഗരങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി പരിഗണനയിലുണ്ട്. 50 കിലോവാട്ടിന്റെ ഫ്യുവൽ സെൽ ആണുള്ളത്. ഭാവിയിൽ ഇത് 300 കിലോവാട്ടിന്റെ സെൽ ആക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
40 കിലോഗ്രാം ഹൈഡ്രജൻ കൊള്ളുന്ന 5 സിലിണ്ടറുകളാണ് ഫെറിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് എട്ടു മണിക്കൂർ സഞ്ചരിക്കാം. 3 കിലോവാട്ടിന്റെ സോളർ പാനലും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഫ്യുവൽ സെല്ലിലുള്ള ഹൈഡ്രജൻ വായുവിലെ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് വൈദ്യുതി നിർമിക്കുകയാണ് ചെയ്യുക, ഈ വൈദ്യുതി ഉപയോഗിച്ച് യാനം പ്രവർത്തിക്കുക എന്നതാണ് സാങ്കേതിക വിദ്യ. വെള്ളമാണ് ഉപോൽപ്പന്നമായി വരുന്നത് എന്നതിനാൽ പരിസ്ഥിതിക്ക് ദോഷമില്ല. ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള യാനം ശബ്ദമലിനീകരണവും ഉണ്ടാക്കില്ല.
രാജ്യത്തെ ഉൾനാടൻ ജലഗതാഗത സംവിധാനം പൂർണമായി പരിസ്ഥിതി സൗഹാർദമാക്കുന്നതിനുള്ള ആലോചനകളും നടന്നു വരുന്നു. കേരളവും ഇതില്‍ ഉൾപ്പെടും. ഇലക്ട്രിക് ഉൾപ്പെടെ 1000 ‘ഗ്രീൻ വാട്ടർ’ യാനങ്ങൾ പുറത്തിറക്കാനാണ് ആലോചന നടക്കുന്നത്. കൊച്ചിൻ ഷിപ്യാർഡിന് ഇതിൽ പ്രധാന പങ്കുവഹിക്കാനാകുമെന്നും മധു എസ്. നായർ പറഞ്ഞു.