കോട്ടയം: ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ഉത്തരവിറങ്ങി. ഒക്ടോബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽവരും. 2028 സെപ്റ്റംബർ 30 വരെയും 2028 ഒക്ടോബർ ഒന്നുമുതൽ 2031 സെപ്റ്റംബർ 30 വരെയും രണ്ടുഘട്ടങ്ങളിലായുള്ള നിരക്കാണ് പ്രഖ്യാപിച്ചത്.
ആധാറിലെ പേര്, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം എന്നിവ പുതുക്കാനാണ് നിരക്ക് വർധിപ്പിച്ചത്. 2028 സെപ്റ്റംബർ 30 വരെ, 50 രൂപയുള്ള സേവനങ്ങൾക്ക് 75 രൂപയും 100 രൂപയുള്ള സേവനങ്ങൾക്ക് 125 രൂപയുമാണ് നിരക്ക്. 2028 ഒക്ടോബർ ഒന്നുമുതൽ, 75 രൂപയുടെ സേവനങ്ങൾക്ക് 90 രൂപയും 125 രൂപയുടെ സേവനങ്ങൾക്ക് 150 രൂപയുമാകും. പുതിയ ആധാർ എടുക്കലും അഞ്ചുമുതൽ ഏഴുവയസ്സുവരെയും 15 മുതൽ 17 വയസ്സ് വരെയുമുള്ളവരുടെ നിർബന്ധിത ബയോമെട്രിക് പുതുക്കലും പഴയതുപോലെ സൗജന്യമാണ്. 17 വയസ്സിനുമുകളിലുള്ളവർക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 125 രൂപയാകും. 2028 ഒക്ടോബർ ഒന്നുമുതൽ 150 രൂപയും.