ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താൽ പണം കിട്ടില്ല: ജാ​ഗ്രത പാലിക്കണമെന്ന് കേരള പൊലീസ്

news image
Nov 1, 2024, 8:57 am GMT+0000 payyolionline.in

 

തിരുവനന്തപുരം > വീട്ടിലിരുന്ന് പണം നേടാമെന്ന വാഗ്ദാനങ്ങളുമായി വരുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാമെന്ന പ്രലോഭനങ്ങൾ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കുമെന്നും ഇത്തരക്കാർക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്നത് ഒരു തട്ടിപ്പാണ്. സുഹൃത്തുക്കളില്‍ നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം.

കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടും. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടില്‍ തുക വര്‍ദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്സൈറ്റിന്‍റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചുനല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും. അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണമെന്നും കേരള പൊലീസ് ആവശ്യപ്പെട്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe